അന്തരിച്ച മുൻ സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്തിനൊപ്പം ഹവിൽദാർ മുഹമ്മദ് ഷൈജൽ (ഫയൽ ചിത്രം)
പരപ്പനങ്ങാടി: ലഡാക്കിലെ സൈനിക വാഹനാപകടത്തില്‍ പരപ്പനങ്ങാടിയും കണ്ണീരണിഞ്ഞു. അയ്യപ്പന്‍കാവ് കെ.പി.എച്ച്. റോഡ് നുള്ളക്കുളത്തെ തച്ചോളി ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ മരണം കേട്ടവരാരും ആദ്യം വിശ്വസിച്ചില്ല. ജീവിതപ്രാരബ്ധങ്ങളെ മറികടന്ന് കഠിനാധ്വാനത്തിലൂടെ ലക്ഷ്യത്തിലെത്തിയ ഷൈജല്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് സുഹൃത്തുക്കളും നാട്ടുകാരും ആശ്വസിച്ചു. പക്ഷേ വൈകീട്ടെത്തിയ വാര്‍ത്ത ഷൈജലിന്റെ കുടുംബത്തെയും നാട്ടുകാരെയും കണ്ണീരണിയിച്ചു.
ഭാര്യ റഹ്മത്തിനെയും മക്കളായ പതിനൊന്ന് വയസ്സുകാരി ഫാത്തിമ സന്‍ഹ, എട്ടുവയസ്സുകാരന് തന്‍സില്‍, രണ്ടരവയസ്സുള്ള ഫാത്തിമ മഹസയെയും തനിച്ചാക്കിയാണ് ഷൈജലിന്റെ വിയോഗം. മരണവാര്‍ത്ത കേട്ടതോടെ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. സൈനികസേവനത്തില്‍ 20 വര്‍ഷമായി മുഹമ്മദ് ഷൈജല്‍. നീണ്ടകാലം ഗുജറാത്തിലെ ക്യാമ്പില്‍ ഹവില്‍ദാറായിരുന്ന ഷൈജല്‍ കശ്മീരിലെ ക്യാമ്പിലേക്ക് സ്ഥലം മാറിപ്പോകുന്നതിനിടെയാണ് അപകടം.
ഷൈജലിന്റെ ചെറുപ്പത്തില്‍ത്തന്നെ പിതാവ് കോയക്കുട്ടി മരിച്ചു. തുടര്‍ന്ന് മാതാവ് സുഹ്റയുടെയും ബന്ധുക്കളുടെയും സംരക്ഷണത്തിലാണ് ഷൈജലും സഹോദരങ്ങളായ ഹനീഫയും സലീനയും വളര്‍ന്നത്. പഠനത്തില്‍ മിടുക്കനായ ഷൈജല്‍, നാട്ടിലെ സാമൂഹികപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. അയ്യപ്പന്‍കാവ് സി.എഫ്.സി. ക്ലബ്ബില്‍ സജീവപ്രവര്‍ത്തകനായിരുന്ന ഷൈജല്‍, പ്രദേശത്തെ ഓരോ വീട്ടിലെയും അംഗത്തെപ്പോലെയായിരുന്നുവെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പി.വി. മുസ്തഫ പറഞ്ഞു.
ഈവര്‍ഷം മാര്‍ച്ചില്‍ നാട്ടിലേക്ക് ലീവിനെത്തിയ ഷൈജല്‍ തിരികെ ഗുജറാത്തിലേക്കാണ് മടങ്ങിയത്. തുടര്‍ന്നാണ് കശ്മീരിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. തിരിച്ചുവരാനാകാത്തവിധം ഷൈജല്‍ വിടചൊല്ലിയ വിവരം ഉള്‍ക്കൊള്ളാനാകാത്ത നടുക്കത്തിലാണ് കുടുംബം. സൗദിയിലെ റിയാദില്‍ ജോലിചെയ്യുന്ന സഹോദരന് ഹനീഫ ശനിയാഴ്ച നാട്ടിലെത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..