പ്രതീകാത്മക ചിത്രം | ഫോട്ടോ: അജിത് ശങ്കരൻ
തിരുവനന്തപുരം: എന്‍.സി.ഇ.ആര്‍.ടി. ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കണമോയെന്നതില്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനമെടുക്കാത്തതിനാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ആശങ്കയില്‍. പാഠഭാഗങ്ങളില്‍ ശുപാര്‍ശ തയ്യാറാക്കി നാലുമാസംമുമ്പ് എസ്.സി.ഇ.ആര്‍.ടി. റിപ്പോര്‍ട്ടുനല്‍കിയെങ്കിലും ഇനിയും നടപടിയായിട്ടില്ല.
ചരിത്രപുസ്തകത്തില്‍ നിന്നും മുഗള്‍ഭരണവും ഗുജറാത്ത് കലാപവുമൊക്കെ ഒഴിവാക്കിയതിനെതിരേ സി.പി.എം. രാഷ്ട്രീയനിലപാടെടുത്തെങ്കിലും കേരളത്തിലെ സ്‌കൂളുകളില്‍ അവ പഠിപ്പിക്കുന്നതില്‍ ഭരണപരമായ തീരുമാനമെടുത്തില്ല. അതേസമയം, രാഷ്ട്രീയപ്രശ്‌നങ്ങളില്ലാത്ത ശാസ്ത്രവിഷയങ്ങളിലും ഒഴിവാക്കിയ പാഠഭാഗങ്ങളില്‍ തീരുമാനമെടുത്തിട്ടില്ല. ഇതു സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്കു പഠനഭാരമുണ്ടാക്കും.
ഹയര്‍ സെക്കന്‍ഡറിയില്‍ 38 വിഷയങ്ങളുണ്ട്. ഇതില്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ബോട്ടണി, സുവോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ചരിത്രം, സോഷ്യോളജി, ഇക്കണോമിക്സ് എന്നിവയാണ് എന്‍.സി.ഇ.ആര്‍.ടി. സിലബസിലുള്ളത്. ഇവയിലെ 30 ശതമാനം പാഠഭാഗങ്ങള്‍ ഡിസംബറില്‍ എന്‍.സി.ഇ.ആര്‍.ടി. ഒഴിവാക്കി. എന്നാല്‍, കേരളത്തില്‍ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമായില്ല.
ചരിത്രപുസ്തകത്തില്‍ മുഗള്‍ഭരണം ഗുജറാത്ത് കലാപം, പൊളിറ്റിക്കല്‍ സയന്‍സില്‍ ജനാധിപത്യം, മതേതരത്വം, ദളിത് മുന്നേറ്റങ്ങള്‍, ത്രിതല പഞ്ചായത്തീരാജ് തുടങ്ങിയ പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്. വിവാദമായപ്പോള്‍ ഹയര്‍ സെക്കന്‍ഡറി ജോ.ഡയറക്ടര്‍ എസ്.സി.ഇ.ആര്‍.ടി.യുടെ റിപ്പോര്‍ട്ട് തേടി. തുടര്‍ന്ന് നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ടു നല്‍കി നാലുമാസമായി.
ശാസ്ത്രവിഷയങ്ങളിലെ പാഠഭാഗങ്ങള്‍ ഒഴിവാക്കാമെന്നും രാഷ്ട്രീയലക്ഷ്യത്തോടെ വെട്ടിമാറ്റപ്പെട്ടവ പഠിപ്പിക്കാമെന്നുമാണ് ശുപാര്‍ശ. പാഠഭാഗങ്ങളില്‍ ഓണാവധിക്കുശേഷം തീരുമാനമുണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. ഡിസംബറില്‍ നടത്തേണ്ട പരീക്ഷയ്ക്കായി ചോദ്യപ്പേപ്പറിനുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കേണ്ടതുണ്ടെന്ന് എസ്.സി.ഇ.ആര്‍.ടി. വൃത്തങ്ങള്‍ പറഞ്ഞു. ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങളില്‍ ശാസ്ത്രവിഷയങ്ങളാണ് ഭൂരിപക്ഷവും.
എന്‍.സി.ഇ.ആര്‍.ടി. സിലബസനുസരിച്ചാണ് ദേശീയ പ്രവേശനപരീക്ഷകളുടെ ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്. അവ മിക്കതും ശാസ്ത്രവിഷയങ്ങള്‍ അടിസ്ഥാനമാക്കിയായതിനാല്‍, ഒഴിവാക്കിയവ പഠിപ്പിക്കുന്നതു വിദ്യാര്‍ഥികള്‍ക്ക് ഭാരമാവുമെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി.
Content Highlights: Mughal empire Gujarat riots NCERT education department


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..