കോഴിക്കോട്: എം.എസ്.എഫ്. ഭാരവാഹികളെ നിശ്ചയിക്കാന്‍ ചേര്‍ന്ന യോഗത്തിനിടെ വരണാധികാരികളായ മുസ്‌ലിം ലീഗ് നേതാക്കളെ ലീഗ് ഹൗസില്‍ പൂട്ടിയിട്ട സംഭവത്തില്‍ ആറ് എം.എസ്.എഫ്. പ്രവര്‍ത്തകര്‍ക്കെതിരേ നടപടി. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം മുഫീദ് റഹ്മാന്‍, കെ.ടി. ജാസിം, കെ. പി. റാഷിദ്, അര്‍ഷാദ്, ഇ.കെ. ഷഫാഫ്, ഷബീര്‍ അലി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

വരാണാധികാരികളും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരുമായ പി.എം. സാദിഖലി, സി.പി. ചെറിയ മുഹമ്മദ് എന്നിവരെയായിരുന്നു മണിക്കൂറുകളോളം പൂട്ടിയിട്ടത്. പാണക്കാട് സാദിഖലി തങ്ങള്‍ നിര്‍ദ്ദേശിച്ച പി.കെ. നവാസിനെ പ്രസിഡന്റായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞായിരുന്നു ബഹളം. വോട്ടെടുപ്പ് വേണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഭാരവാഹികളെ നിശ്ചയിക്കുന്നത് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. അതിനിടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എം.സി. മായിന്‍ ഹാജി, പി.എം.എ. സലാം എന്നിവരെ മുസ്‌ലിം ലീഗ് സംസ്ഥാനസമിതി നിയോഗിച്ചത്. 

പ്രവര്‍ത്തകരില്‍നിന്നും നേതാക്കളില്‍നിന്നും മൊഴിയെടുത്ത കമ്മീഷന്‍, ചേരിതിരിഞ്ഞ് പ്രവര്‍ത്തനമുണ്ടായതായി കണ്ടെത്തുകയും കഴിഞ്ഞ ദിവസം പാണക്കാടെത്തി ഹൈദരാലി ശിഹാബ് തങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പറ്റയെ നേരത്തെ നീക്കിയിരുന്നു. നിഷാദ് കെ. സലീമിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയവര്‍ക്കെതിരെയാണ്‌ നടപടിയുണ്ടായിരിക്കുന്നത്. പി.കെ. ഫിറോസ് ഉള്‍പ്പടെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണ നിഷാദിനാണെന്ന് എം.എസ്.എഫ്. പ്രവര്‍ത്തകര്‍ പറയുന്നു.

content highlights: msf workers suspended for locking up muslim league leaders during election