mp veerendrakumar
എം.പി. വീരേന്ദ്രകുമാര്‍ എം.പി. 

കോഴിക്കോട്: ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമപദ്ധതികള്‍ക്കും മതനിരപേക്ഷ നിലപാടിനുമുള്ള ജനകീയാംഗീകാരമാണ് ഉപതിരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രതിഫലിച്ചതെന്ന് എം.പി. വീരേന്ദ്രകുമാര്‍ എം.പി. 

"എല്‍.ഡി.എഫിന്റെ ജനകീയാടിത്തറ വികസിച്ചതിന്റെ സൂചനയാണ് വട്ടിയൂര്‍കാവിലും കോന്നിയിലും ഉണ്ടായ മികച്ച വിജയം. പാലാ ഉള്‍പ്പെടെ ആറ് നിയമസഭ മണ്ഡലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ജയിക്കാന്‍ എല്‍.ഡി.എഫിന് സാധിച്ചു. കേരളത്തില്‍ ഭരണതുടര്‍ച്ച ജനം ആഗ്രഹിക്കുന്നുവെന്നതിന്റെ വ്യക്തമായ സന്ദേശമാണ് ഇത് നല്‍കുന്നത്". വിഭാഗീയത വളര്‍ത്താനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ വോട്ടര്‍മാര്‍ മറന്നില്ലെന്നും എംപി വീരേന്ദ്രകുമാർ പറഞ്ഞു.

"മഹാരാഷ്ട്രയിലും ഹരിയാണയിലും ബി.ജെ.പിക്ക് ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയാത്തത് മതേതര, ജനാധിപത്യ ശക്തികളുടെ പ്രസക്തി ദേശീയരാഷ്ട്രീയത്തില്‍ വര്‍ധിച്ചതിന്റെ തെളിവാണ് പ്രകടമാവുന്നത്. ഇത് പ്രതിപക്ഷത്തിനും ഇന്ത്യന്‍ ജനാധിപത്യത്തിനും ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. മഹാരാഷ്ട്രയില്‍ 2014-ല്‍ ലഭിച്ചതിനേക്കാള്‍ 28 സീറ്റുകളാണ് ബി.ജെ.പി-ശിവസേന സഖ്യത്തിന് നഷ്ടപ്പെട്ടത്. ഹരിയാണയില്‍ ഒറ്റയ്ക്ക് സര്‍ക്കാറുണ്ടാക്കാനുള്ള അംഗസംഖ്യ തികയ്ക്കാന്‍ ബി.ജെ.പി.ക്ക് സാധിച്ചില്ല". 

പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലും, ഉത്തര്‍പ്രദേശിലും പഞ്ചാബിലും ബി.ജെ.പി.ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. മതേതര ജനാധിപത്യ ശക്തികളെ വളര്‍ത്താനും ബി.ജെ.പിയുടെ ഹിന്ദുത്വ, ഏകാധിപത്യ പ്രവണത ചെറുക്കാനും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും വീരേന്ദ്രകുമാർ പറഞ്ഞു. 

Content Highlights: MP veerendrakumar MP's response about byelection results