ന്യൂഡല്‍ഹി: 2016 ലെ മൂര്‍ത്തീദേവി പുരസ്‌കാരത്തിന് രാജ്യ സഭാ എം പിയും എഴുത്തുകാരനുമായ എം പി വീരേന്ദ്രകുമാര്‍ അര്‍ഹനായി. ഇന്ത്യന്‍ സംസ്‌കാരത്തിനും തത്വജ്ഞാനത്തിനും ഊന്നല്‍ നല്‍കുന്ന കൃതികള്‍ പരിഗണിച്ച് കൊണ്ട് ജഞാനപീഠ സമിതി വര്‍ഷാവര്‍ഷം നല്‍കുന്നതാണ് പുരസ്‌കാരം.
വീരേന്ദ്രകുമാര്‍ രചിച്ച 'ഹൈമവതഭൂവില്‍' എന്ന കൃതിക്കാണ് പുരസ്‌കാരം. പുസ്തകത്തിന്റെ അമ്പതാം പതിപ്പിറക്കുന്ന ഘട്ടത്തിലാണ് പുരസ്കാരം ലഭിക്കുന്നതെന്ന പ്രത്യേകതയുണ്ട്. നാല് ലക്ഷം രൂപയും സരസ്വതി ശിൽപവും പ്രശംസ ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇതേ കൃതിക്ക് 2008ലെ വയലാര്‍ അവാര്‍ഡും 2010ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
അന്വേഷണാത്മകത, ആത്മീയത, ചരിത്രകഥനം എന്നിവ സമ്മേളിച്ചുകൊണ്ടുള്ള ഹിമാലയന്‍ യാത്രാനുഭവമാണ് ഹൈമവതഭൂവില്‍ എന്ന പുസ്തകം വായനക്കാര്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. ആഖ്യാനത്തിലെ വേറിട്ട സമീപനം കൊണ്ടും ചരിത്രത്തിലെ ഇടപെടലുകള്‍ കൊണ്ടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു ഈ പുസ്തകം.
മഹാകവി അക്കിത്തം, നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ എന്നിവരാണ് മൂര്‍ത്തീദേവി പുരസ്‌കാരം മുമ്പ് ലഭിച്ച മലയാളികള്‍.
കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ്, മഹാകവി ജി. അവാര്‍ഡ്, ബാലാമണിയമ്മ പുരസ്‌കാരം, ഡോ. ശിവറാം കാരന്ത് അവാര്‍ഡ്, കെ.വി. സുരേന്ദ്രനാഥ് അവാര്‍ഡ് സ്വദേശാഭിമാനി പുരസ്‌കാരം തുടങ്ങി എണ്‍പതോളം പുരസ്‌കാരങ്ങള്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ കൂടിയായ വീരേന്ദ്രകുമാറിനെ തേടിയെത്തിയിട്ടുണ്ട്.
സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി. ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം, ആത്മാവിലേക്ക് ഒരു തീര്‍ഥയാത്ര, പ്രതിഭയുടെ വേരുകള്‍ തേടി, ചങ്ങമ്പുഴ വിധിയുടെ വേട്ടമൃഗം, തിരിഞ്ഞുനോക്കുമ്പോള്‍, ആമസോണും കുറെ വ്യാകുലതകളും, ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും, രോഷത്തിന്റെ വിത്തുകള്‍, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, സ്മൃതിചിത്രങ്ങള്‍, വേണം നിതാന്തജാഗ്രത, ഡാന്യൂബ് സാക്ഷി, വിചിന്തനങ്ങള്‍ സ്മരണകള്‍ എന്നിവയാണ് വീരേന്ദ്രകുമാറിന്റെ മറ്റ് കൃതികള്‍
പുരസ്കാരം ലഭിച്ചതിൽ സന്തോഷം
പ്രതീക്ഷിക്കാതെയാണ് പുരസ്കാരം ലഭിച്ചതെന്ന് എം പി വീരേന്ദ്രകുമാർ എം പി മാധ്യമങ്ങളോട് പ്രതികരിച്ചു. പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.