തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽനടന്ന എം.പി. വീരേന്ദ്രകുമാർ അനുസ്മരണം വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനംചെയ്യുന്നു. ഡോ. കെ.വി. ശശി, കെ.പി. രാമനുണ്ണി, മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) മയൂരാ ശ്രേയാംസ് കുമാർ, ഡോ. ആർ. രാജീവ് മോഹൻ, ഡോ. കെ.എസ്. രാഗിണി എന്നിവർ സമീപം.
തിരൂര്‍: മുന്‍ എം.പി.യും മാതൃഭൂമി മാനേജിങ് ഡയറക്ടറും എഴുത്തുകാരനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന് സ്മരണാഞ്ജലിയര്‍പ്പിച്ച് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല. മാധ്യമരംഗത്തെ മുന്നോട്ടുനയിക്കാന്‍ വീരേന്ദ്രകുമാറിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകള്‍ പ്രേരകമായിട്ടുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനംചെയ്ത മലയാള സര്‍വകലാശാലാ വി.സി. ഡോ. അനില്‍ വള്ളത്തോള്‍ പറഞ്ഞു. ഭാഷയുടെ പരിപോഷണത്തിന് മാതൃഭൂമിയും വീരേന്ദ്രകുമാറും എന്നും പരിശ്രമിച്ചെന്നും അനില്‍ വള്ളത്തോള്‍ പറഞ്ഞു.
മറ്റേതുരംഗത്തുമെന്നപോലെ മാധ്യമരംഗത്തും വെല്ലുവിളികള്‍ വരുമ്പോഴാണ് സാധ്യതകള്‍ ഉണ്ടാകുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മാതൃഭൂമി ഡയറക്ടര്‍ (ഡിജിറ്റല്‍ ബിസിനസ്) മയൂരാ ശ്രേയാംസ് കുമാര്‍ പറഞ്ഞു. മൊബൈല്‍ഫോണിലൂടെ എല്ലാ വിവരങ്ങളും അതിവേഗം നമ്മുടെ കൈയിലെത്തുന്നകാലത്ത് എങ്ങനെ അതിജീവിക്കാമെന്നത് മാധ്യമങ്ങള്‍ക്കുമുന്നില്‍ വലിയ വെല്ലുവിളിയാണ്.
അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനനുസരിച്ച് മാധ്യമപ്രവര്‍ത്തകര്‍ സ്വയം നവീകരിച്ചാലേ വെല്ലുവിളി മറികടക്കാനാകൂ. അപ്പോഴും സത്യസന്ധത, വിശ്വാസ്യത, സുതാര്യത തുടങ്ങിയ മൂല്യങ്ങളിലൂന്നി പ്രവര്‍ത്തിക്കണം. ഇതൊരു ജോലിയല്ല, സേവനമാണ്. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ കഴിയണം -മയൂര പറഞ്ഞു.
വീരേന്ദ്രകുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ നവമുതലാളിത്തത്തിന്റെ വൈകൃതങ്ങള്ക്കെതിരേയുള്ള പോരാട്ടമായിരുന്നെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ എഴുത്തുകാരന് കെ.പി. രാമനുണ്ണി പറഞ്ഞു.
മാധ്യമപഠന സ്കൂള്‍ ഡയറക്ടര്‍ ഡോ. കെ.എസ്. രാഗിണി അധ്യക്ഷതവഹിച്ചു. മാധ്യമപഠനവിഭാഗം അസി. പ്രൊഫസര്‍ ഡോ. ആര്. രാജീവ് മോഹന്‍, അധ്യാപകരായ ഡോ. കെ.വി. ശശി, ഡോ. സി.എ. അര്‍ച്ചന, അനധ്യാപകപ്രതിനിധി എം. രാജേഷ്, മാധ്യമപഠനവിഭാഗം വിദ്യാര്‍ഥി ടി.കെ. അതുല്‍ എന്നിവര്‍ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..