കോട്ടയം: മുണ്ടാറില്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വള്ളം മുങ്ങി മരിച്ച മാതൃഭൂമി ന്യൂസ് തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിന്‍ ബാബുവിന്‍െ സംസ്‌കാരം ബുധനാഴ്ച നടക്കും. വൈകിട്ട് നാലിന് ഓതറ കാഞ്ഞിരത്തുംമോടി സാല്‍വേഷന്‍ ആര്‍മി സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറും. 

രാവിലെ 10.30 ന് കോട്ടയം പ്രസ് ക്ലബ്ബില്‍ ബിപിന്റെ മൃതദേഹം 15 മിനിട്ട് പൊതുദര്‍ശനത്തിന് വെയ്ക്കും. അതിന് ശേഷം സ്വദേശമായ തിരുവല്ലയിലേക്ക് കൊണ്ടുപോകും. 

കഴിഞ്ഞ 23 നായിരുന്നു മാതൃഭൂമി ന്യൂസ് സംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞ് രണ്ടുപേര്‍ മുങ്ങിമരിച്ചത്. പുറം ലോകവുമായി ബന്ധം നഷ്ടപ്പെട്ട കടുത്തുരുത്തിക്കടുത്ത മുണ്ടാര്‍ പ്രദേശത്തു നിന്നും മടങ്ങുകയായിരുന്നു റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം.

നാലംഗ സംഘത്തില്‍ ശ്രീധരനേയും ക്യാമറാമാന്‍ അഭിലാഷിനേയും നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ സജിയേയും ബിപിനേയും കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ സജിയുടെ മൃതദേഹവും, പിന്നാലെ വൈകിട്ട് ഏഴരയോടെ ബിപിന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു.