കോഴിക്കോട്: സര്‍വീസിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ അഴിമതി നിരോധന നിയമപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് നാല് വര്‍ഷം തടവ്. തൃശ്ശൂരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കോഴിക്കോട് ഫറോക്ക് സ്വദേശി പി. സുബ്രഹ്മണ്യനെയാണ് കോഴിക്കോട് എന്‍ക്വയറി കമ്മീഷണര്‍ ആന്റ് സെപഷ്യല്‍ ജഡ്ജ്(വിജിലന്‍സ്) ശിക്ഷിച്ചത്.
നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് പുറമെ 22,60,000 രൂപ പിഴയായി ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. പിഴയടിച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തെ ശിക്ഷ അധികം അനുഭവിക്കേണ്ടി വരും. ബിനാമി പേരുകളില്‍ ഫറോക്കില്‍ പ്രതി സ്വന്തമാക്കിയ 16 സെന്റ് ഭൂമി, കൊണ്ടോട്ടിയില്‍ വാങ്ങിയ 20.5 സെന്റ് ഭൂമി എന്നിവ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനും തീരുമാനിച്ചിട്ടുണ്ട്.
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്തുവരവെ 1993 മുതല്‍ 2003 വരെയുള്ള കാലയളവില്‍ നിയമാനുസൃതമായ വരുമാനത്തില്‍ കവിഞ്ഞ് പ്രതിയുടെ പേരിലും ബിനാമിയുടെ പേരിലും സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്.
2003 ല്‍ കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്‍ പോലീസ് സൂപ്രണ്ട് കെ. ബാലകൃഷ്ണക്കുറുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ഡി.വൈ.എസ്.പി ജി. സാബു ആണ് അന്വേഷണം നടത്തിയത്. പ്രതിയുടെ തൃശൂരിലെ വാടക വീട്, ഫറോക്കിലെ ബിനാമി വീട്, തൃശൂരിലെ ഓഫീസ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി സ്വത്ത് സംബന്ധമായ രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.
2006 ല്‍ വിചാരണ തുടങ്ങിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി 135 സാക്ഷികളെ വിസ്തരിക്കുകയും 451 രേഖകള്‍ പരിശോധിക്കുകയും ചെയ്താണ് വിധി പ്രഖ്യാപിച്ചത്. കേസിനാസ്പദമായ കാലയളവില്‍ പ്രതിയുടെ ഭാര്യാ സഹോദരന് ബിനാമി പേരില്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ 20.5 സെന്റ് സ്ഥലവും ഫറോക്കില്‍ 16 സെന്റ് സ്ഥലവും വാങ്ങിയിരുന്നു. ഈ സ്ഥലത്ത് 1999- 2000 കാലയളവില്‍ 18 ലക്ഷത്തോളം രൂപ ചെലവിട്ട് 3000 സ്ക്വയര്‍ ഫീറ്റ് വീട് പ്രതി നിര്മിച്ചൂവെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യുഷന് കഴിഞ്ഞിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ഒ. ശശി ഹാജരായി.