കോഴിക്കോട്: പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച് കൊണ്ട് കേരളത്തിലെ നിരത്തില്‍ ഓടുന്ന ആറ് ആഡംബര കാറുകള്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നാണ് ശനിയാഴ്ച്ച ആറ് കാറുകള്‍ പിടികൂടിയത്. 

പുതുച്ചേരി രജിസ്‌ട്രേഷനിലുള്ള റെയ്ഞ്ച് റോവര്‍, ബിഎംഡബ്ല്യൂ എന്നീ ആഡംബര കാറുകളാണ് കോഴിക്കോട് നിന്നും പിടികൂടിയത്. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ക്കെതിരേ കര്‍ശന നടപടികളാണ് മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ച് വരുന്നത്. 

പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ക്ക് കേരളത്തില്‍ നികുതിയടച്ച് നിയമ നടപടികളില്‍ നിന്ന് ഒഴിവാകാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ ഇതിനും തയാറാവാതിരുന്ന ആളുകള്‍ക്കെതിരേയാണ് ഇപ്പോള്‍ നടപടി ആരംഭിച്ചിരിക്കുന്നത്. 

മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഒരു വര്‍ഷത്തില്‍ കൂടുതല്‍ കേരളത്തില്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് നിയമം. എന്നാല്‍ നികുതി ലാഭിക്കുന്നതിനായി നിരവധി ആളുകളാണ് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്.