കിടപ്പിലായ അമ്മ സലോമിയോടൊപ്പം ജോയ്സ് അബ്രഹാം
മലപ്പുറം: കിടപ്പിലായ അമ്മയെ പരിചരിക്കാന്‍ സ്വന്തം ജീവിതം മാറ്റിവെച്ച മകന്റെ കഥയാണിത്. മലപ്പുറം എടപ്പറ്റ പാതിരിക്കോട്ടെ ചൂളായിക്കോട്ടില്‍ ജോയ്സ് അബ്രഹാം 26-ാം വയസ്സിലാണ് ജോലിയെല്ലാം വേണ്ടെന്നുവെച്ച് അമ്മയുടെ പരിചരണം ഏറ്റെടുക്കുന്നത്.
അമ്മ സലോമിയും അച്ഛന് പി.എം. അബ്രഹാമും ജ്യേഷ്ഠന് മോന്‍സി അബ്രഹാമും അടങ്ങുന്ന കുടുംബത്തില്‍ അപ്രതീക്ഷിതമായാണ് ദുരന്തം വില്ലനായത്. 2018 മേയ് മാസത്തില്‍, സലോമിയുടെ 58-ാം വയസ്സിലാണ് ആ ദുരന്തം. രാവിലെ എഴുന്നേറ്റ് ചായയുണ്ടാക്കുന്നതിനിടയില്‍ തലവേദന വന്ന് വീഴുകയായിരുന്നു. രക്താതിസമ്മര്ദമായിരുന്നു കാരണം. തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി.
തലയോട്ടിക്കുപകരം കൃത്രിമ തലയോട്ടിവെച്ച് പുറത്തുവന്നപ്പോഴേക്കും ശരീരം പൂര്‍ണമായും തളര്‍ന്നിരുന്നു. കുറേക്കാലം പാണ്ടിക്കാട്ടെ തെറാപ്പികേന്ദ്രത്തില് ചികിത്സിച്ചു. കാര്യമായ പുരോഗതിയുണ്ടായില്ല. വീട്ടില്‍ ഒരു വനിതാ തെറാപ്പിസ്റ്റ് വന്ന് കുറേക്കാലം ശുശ്രൂഷിച്ചു. മൂത്തമകന് മോന്‍സിയുടെ ഭാര്യ ഷാനി ന്യൂക്ലിയര്‍ മെഡിക്കല്‍ ടെക്നീഷ്യനായിരുന്നു. പിന്നെ അവരായിരുന്നു പരിചരണം.ഷാനി ജോലി ലഭിച്ച് ലണ്ടനിലേക്കു പോയി. ആ സാഹചര്യത്തിലാണ് ജോയ്സ് അമ്മയുടെ ശുശ്രൂഷ ഏറ്റെടുക്കുന്നത്.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ വാഹനക്കമ്പനിയില്‍ സര്‍വീസ് സൂപ്പര്‍വൈസറായിരുന്ന ജോയ്സ് വൈകാതെ ജോലി രാജിവെച്ചു. അമ്മയുടെ കൂടെ എല്ലായ്പ്പോഴും ഒരാള്‍ വേണം. വീടുനോക്കണം, ഭക്ഷണം വെക്കണം, സമയത്തിന് അതു വാരിക്കൊടുക്കണം. മൂത്രംപോകാന്‍ ട്യൂബ് ഇട്ടിരിക്കുകയാണ്. കൃത്യസമയത്ത് ബാഗ് വൃത്തിയാക്കണം, ശൗചംചെയ്യുകയും കുളിപ്പിക്കുകയും വേണം. ഒരു ശയ്യാവ്രണംപോലും വരാന്‍ അനുവദിക്കാതെ അമ്മയെ ജോയ്സ് പൊന്നുപോലെ നോക്കി. ഇതിനിടയില്‍ സാമ്പത്തികമായി കൈവിട്ടുപോയ കുടുംബത്തെ രക്ഷിക്കാനായി ജ്യേഷ്ഠന് മോന്‍സിയും ഭാര്യയോടൊപ്പം ലണ്ടനിലേക്കു പോയി.
ജോയ്സിന്റെ പരിചരണത്തിന് ഫലമുണ്ടാകുന്നുണ്ട്. ഇപ്പോള്‍ ചക്രക്കസേരയില്‍ ഇരുത്തി മേശക്കടുത്തെത്തിച്ചാല് സലോമി വലതുകൈകൊണ്ട് കുറേശ്ശെ വാരി ഉണ്ണുന്ന അവസ്ഥയിലെത്തി.
'വരും.. അമ്മ തിരിച്ചുവരും.. ഞങ്ങളുടെ കൂടെ ആരോഗ്യത്തോടെയുണ്ടാവും' -വലിയ പ്രതീക്ഷയിലാണ് ജോയ്സ്. മക്കളുടെ നിസ്വാര്ഥസ്നേഹത്തേക്കാള് വലിയ കരുത്ത് മറ്റെന്തുണ്ട് ഒരമ്മയ്ക്ക്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..