തിരുവനന്തപുരം: കടയ്ക്കാവൂരില്‍ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പരാതിയില്‍ ഒടുവില്‍ അമ്മയ്ക്ക് നീതി. തിരുവനന്തപുരം പോക്‌സോ കോടതി കേസില്‍ നിന്ന് അമ്മയെ കുറ്റവിമുക്തയാക്കി. 13കാരനായ മകനെ അമ്മ മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ചെന്നായിരുന്നു കേസ്. 

കേസില്‍ അമ്മയ്‌ക്കെതിരായി ചുമത്തിയ കുറ്റങ്ങള്‍ വ്യാജമാണെന്ന് നേരത്തെ ഐജി അര്‍ഷിത അട്ടല്ലൂരിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശനിയാഴ്ച പോക്‌സോ കോടതി ശരിവയ്ക്കുകയായിരുന്നു. അമ്മയ്‌ക്കെതിരായ നിയമ നടപടികള്‍ കോടതി അവസാനിപ്പിക്കുകും ചെയ്തു. 

പരാതി വ്യാജമാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരേ അമ്മയുടെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജികൂടി പരിഗണിച്ച ശേഷമാണ് തിരുവനന്തപുരം പോക്‌സോ കോടതിയുടെ ഉത്തരവ്.  

2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു മകന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കാവൂര്‍ പോലീസ് കേസെടുക്കുകയും 2020 ഡിസംബര്‍ 28ന് അമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഒരുമാസത്തോളം ഇവര്‍ ജയിലില്‍ കിടന്നു. 

പിന്നീട് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കാനെത്തിയത്. തുടര്‍ന്നാണ് അമ്മയ്‌ക്കെതിരേ മകന്‍ നല്‍കിയ പരാതിയും മൊഴിയും കെട്ടിച്ചമച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. 

content highlights: mother was acquitted in kadakkavoor fake pocso case