
അവയവങ്ങൾ വിൽപ്പനയ്ക്ക് എന്ന ബോർഡുമായി സമരം നടത്തുന്ന ശാന്തി | Screengrab: Mathrubhumi News
കൊച്ചി: മക്കളുടെ ചികിത്സയ്ക്ക് മറ്റ് മാര്‍ഗങ്ങളില്ലാതെ അവയവങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ച് ഒരമ്മ. അഞ്ച് മക്കളുമായി എറണാകുളം കണ്ടെയ്നര്‍ റോഡില്‍ കോരിച്ചൊരിയുന്ന മഴയെ പോലും കൂസാതെ ഈ അമ്മ കുടില്‍കെട്ടി സമരം നടത്തുകയാണ്. എറണാകുളത്ത് താമസമാക്കിയ മലപ്പുറം സ്വദേശിനി ശാന്തിയും കുടുംബവുമാണ് റോഡരികില്‍ ടാര്പ്പോളിന് വലിച്ചുകെട്ടി സമരം നടത്തുന്നത്. മക്കളുടെ ചികിത്സാ സഹായത്തിനും കടബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടിയും അമ്മയുടെ ശരീര അവയവങ്ങള്‍ ( ഹൃദയം ഉള്‍പ്പെടെ) വില്‍പ്പനയ്ക്ക് എന്ന് ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ബോര്‍ഡ് എഴുതി വെച്ചാണ് സമരം. വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ഇവരെ ഇറക്കിവിട്ടതോടെ മറ്റുമാര്ഗങ്ങളില്ലാതെയാണ് റോഡരികിലേക്ക് മക്കളോടൊത്ത് താമസം മാറിയത്.
ഇവരുടെ മൂത്ത മകന് ഒരുവര്‍ഷം മുമ്പ് അപകടം പറ്റിയതിനെ തുടര്‍ന്ന് തല രണ്ടായി പിളര്‍ന്ന് പോയിരുന്നു. ഇയാള്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. നാല് ആണ്മക്കളും ഒരു പെണ്‍കുട്ടിയുമാണ് ശാന്തിക്കുള്ളത്. ഭര്‍ത്താവ് നേരത്തെ ഉപേക്ഷിച്ചുപോയി.
രണ്ടാമത്തെ മകന് ജന്മനാ അസുഖ ബാധിതനാണ്. മൂന്നാമത്തെ മകന് തീയേറ്ററില്‍ ഓപ്പറേറ്റര്‍ ആയി പോകുകയാണ്. പ്ലസ്റ്റു പാസായ ഈ കുട്ടി തുടര്‍ പഠനത്തിന് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് മൂത്ത സഹോദരന് അപകടം ഉണ്ടാകുന്നത്. നാലാമത്തെ മകന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഏറ്റവും ഇളയ മകളും അസുഖ ബാധിതയാണ്.
മകള്‍ക്ക് മൂന്ന് ഓപ്പറേഷന് പറഞ്ഞിട്ടുണ്ട്. പതിനഞ്ച് ലക്ഷത്തില്‍ അധികം തുക ചിലവാകും. മകന് തലയിലെ ഓപ്പറേഷന് ചെയ്യാന്‍ മാത്രം പതിമൂന്ന് ലക്ഷം രൂപ ചിലവായി. ഇനിയും എത്ര പണം വേണ്ടിവരുമെന്ന് അറയില്ല. രണ്ടാമത്തെ മകന്റെ ചികിത്സ ഇതുവരെ നടത്തിയില്ലെന്നും കടബാധ്യത മാത്രം 18 ലക്ഷത്തോളം വരുമെന്നും ശാന്തി വ്യക്തമാക്കി.
തന്റെ അഞ്ചുമക്കളെയും വിഷം നല്കി കൊല്ലാന്‍ പറ്റാത്തത് മൂലമാണ് ഇങ്ങനെ സമരം ചെയ്യേണ്ടിവന്നത്. താന്‍ തനിയെ മരിച്ചാല്‍ കടബാധിതകള്ക്കിടയില് കുട്ടികള്‍ അനാഥരാകും. മരിക്കുന്നതിന് മുമ്പ് തന്റെ അവയവങ്ങള്‍ വിറ്റ് കുട്ടികളെ രക്ഷിക്കണമെന്നും കടത്തില്‍ നിന്നും അവരെ മോചിപ്പിക്കണം താന്‍ മരിച്ചിട്ടാണെങ്കിലും വേണ്ടില്ല കുട്ടികള്‍ക്ക് കയറി കടക്കാന്‍ ഒരു വീട് വച്ച് കൊടുക്കണം. ഇതുവരെ ഒരുപാട് പേര് സഹായിച്ചിട്ടുണ്ടെന്നും വീണ്ടും സഹായിച്ചവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും അതിനാലാണ് ഇങ്ങനെ ഒരു വഴി തിരഞ്ഞെടുത്തതെന്നും ശാന്തി പറയുന്നു.
വില്ക്കാന് മറ്റൊന്നും ഇല്ലാത്തത് മൂലമാണ് അവയവങ്ങള്‍ വില്‍ക്കുന്നതെന്നും ഈ അമ്മ പറയുന്നു. കുടുംബം തോക്കിയിരുന്ന മൂത്തമകന് അപകടം സംഭവിച്ചതോടെയാണ് ശാന്തിയുടെ നില കൂടുതല്‍ ദയനീയമായത്.
പോലീസ് ശാന്തിയെയും കുടുംബത്തെയും താത്കാലികമായി മറ്റൊരു ഇടത്തേക്ക് മാറ്റിയിട്ടുണ്ട്.
Content Highlight: Mother selling organs for the treatment of her children Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..