വാളയാര്‍: തനിക്കെതിരെയുള്ള ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയുള്ള ഗൂഢാലോചനയെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. അപകീര്‍ത്തിപ്പെടുത്തുന്ന കുറിപ്പിന് ഹരീഷ് വാസുദേവനെതിരെ വാളയാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കുട്ടികളുടെ അമ്മ പ്രതികരിച്ചു. 

കേസിലെ പ്രതികള്‍ തങ്ങളുടെ വീട്ടില്‍ വന്നുതാമസിച്ചുവെന്നൊക്കെ പറയുന്നത് അടിസ്ഥാനരഹിതമാണ്. വാസ്തവം അറിയാനോ വിവരം അന്വേഷിക്കാനോ ഒരു തവണയെങ്കിലും ഇങ്ങോട്ട് വരികയോ സംസാരിക്കുകയോ ചെയ്യാത്തവര്‍ക്കൊക്കെ എന്ത് വേണമെങ്കിലും പറയാമല്ലോ. പ്രതികളെ വെറുതെ വിട്ട 2019ല്‍ സര്‍ക്കാരിനേയും ഡിവൈഎസ്പി സോജനേയും വിമര്‍ശിച്ചയാളാണ് ഇപ്പോള്‍ മറുകണ്ടം ചാടി തങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. അത് ഗൂഢാലോചനയാണ്. 

കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു. കേസിന്റെ ഫയല്‍ കിട്ടിയെന്നറിയിച്ച് വിവരം ലഭിച്ചിരുന്നു. ധര്‍മടം മണ്ഡലത്തില്‍ മത്സരിച്ചത് വിജയിച്ച് എംഎല്‍എ ആവാനല്ലെന്നും പ്രതിഷേധസൂചകമാണെന്നും വാളയാര്‍ അമ്മ പ്രതികരിച്ചു. 

ഏപ്രില്‍ ആറിനാണ് മുന്‍പാണ് വാളയാര്‍ കേസിന്റെ അന്വേഷണത്തിന്റെ വിശദാംശങ്ങളടങ്ങിയ കുറിപ്പ് ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആദ്യ കുട്ടി മരിച്ചപ്പോള്‍ മാതാപിതാക്കള്‍ പരാതിപ്പെട്ടില്ല, പ്രതി കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നത് അമ്മ നേരിട്ട് കണ്ടിട്ടും പരാതി നല്‍കിയില്ല, പ്രതിയെ വീട്ടില്‍ വിലക്കിയില്ല, മൊഴികളില്‍ വൈരുദ്ധ്യം, പ്രതികളിലൊരാളുടെ പേര് മറച്ചുവെച്ചു, പ്രതികളെ സഹായിക്കുന്ന നിലപാട് എടുത്തു തുടങ്ങിയ ആരോപണങ്ങളാണ് ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഉന്നയിച്ചത്‌.