കൂത്താട്ടുകുളം: കനാലില്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താണ മകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ പാലക്കുഴ മാറിക അരിശ്ശേരികര പരേതനായ മാധവന്റെ ഭാര്യ സുജ (40) മുങ്ങിമരിച്ചു. മകള്‍ ശ്രീതുവുമൊത്ത് കനാലില്‍ കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് അപകടമുണ്ടായത്. മാറികയിലെ വീട്ടില്‍നിന്ന് അമ്മയും മകളും ഇരുചക്ര വാഹനത്തിലാണ് പണ്ടപ്പിള്ളിക്ക് അടുത്തുള്ള കനാലില്‍ എത്തിയത്. മാറിക പ്രദേശത്തുള്ളവര്‍ അലക്കുന്നതിനും കുളിക്കുന്നതിനുമായി പണ്ടപ്പിള്ളിയിലെ കനാല്‍ ഭാഗത്ത് എത്താറുണ്ട്. കനാലില്‍ അടിയൊഴുക്ക് കൂടുതലാണെന്ന് നാട്ടുകാര്‍ പറയുന്നു.

കനാലിലേക്ക് ഇറങ്ങുന്ന ചവിട്ടുപടിയില്‍ നിന്ന ശ്രീതു കാല്‍ വഴുതി കനാലിലേക്ക് വീഴുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട മകളെ കൈകളില്‍ പിടിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് സുജ കനാലിലേക്ക് വഴുതി വീണതെന്നു കരുതുന്നു. ശ്രീതുവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി. പണ്ടപ്പള്ളി മാര്‍ക്കറ്റ് ഭാഗത്തുള്ള കനാല്‍ ഭാഗത്തുനിന്ന് സുജയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മൂവാറ്റുപുഴ നിര്‍മല ആശുപത്രിയിലേക്ക് മാറ്റി.

അറുനൂറ്റിമംഗലം നിരപ്പില്‍ പരേതനായ സുകുമാരന്റെയും ശ്യാമളയുടെയും മകളാണ് സുജ. പാലക്കുഴ ഗ്രാമപ്പഞ്ചായത്തിലെ സി.ഡി.എസ്. അംഗവും ക്ഷീര കര്‍ഷകയുമാണ്. ചെത്തുതൊഴിലാളിയായിരുന്ന ഭര്‍ത്താവ് മാധവന്‍ ഒന്‍പത് വര്‍ഷം മുമ്പാണ് മരിച്ചത്. കൂത്താട്ടുകുളം ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രീതു. സഹോദരന്‍: ശ്രീരാഗ് (ആറാം ക്ലാസ് വിദ്യാര്‍ഥി). 

Content Highlights: mother drowned to death while trying to save her daughter in koothattukulm