അപർണ, അപർണയുടെ ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത്
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേ നടപടി. സീനിയര്‍ ഗൈനക്കോളജിസ്റ്റ് തങ്കം കോശിയോട് രണ്ടാഴ്ച നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്കി. ഡോക്ടർക്കെതിരേ നടപടി ആവശ്യപ്പെട്ട് അപർണയുടെ ബന്ധുക്കള്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് നടപടി.
കളക്ടറും ജില്ലാ പോലീസ് മേധാവിയും ആശുപത്രിയിലെത്തി മരിച്ച അപര്‍ണയുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.. തുടര്‍ന്ന് അപര്‍ണയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി.
കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണ (21) ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് നവജാത ശിശു ചൊവ്വാഴ്ച വൈകീട്ട് മരിച്ചിരുന്നു. ഡോക്ടറുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രസവസമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും വിദ്യാര്‍ഥികളാണ് ഓപ്പറേഷന് നടത്തിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുഞ്ഞിന്റെ മരണം അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുള്‍സലാം ചുമതലപ്പെടുത്തിയിട്ടുണ്ട്. 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സൂപ്രണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
Content Highlights: mother and new born dies at alappuzha medical college, action against doctor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..