കൊച്ചി: ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേലില്‍നിന്ന് ഡല്‍ഹിയിലെത്തിച്ച മൃതദേഹം അവിടെനിന്ന് വിമാനമാര്‍ഗമാണ് കൊച്ചിയില്‍ എത്തിച്ചത്. സൗമ്യയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഡീന്‍ കുര്യാക്കോസ് എം.പി, പി.ടി തോമസ് എംഎല്‍എ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.

സൗമ്യയുടെ മൃതദേഹം എത്തിച്ചപ്പോള്‍ വൈകാരിക നിമിഷങ്ങള്‍ക്കാണ് നെടുമ്പാശേരി വിമാനത്താവളം സാക്ഷിയായത്. അവിടെനിന്ന് മൃതദേഹം ആംബുലന്‍സില്‍ സ്വദേശമായ ഇടുക്കിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാവും ശവസംസ്‌കാര ചടങ്ങുകള്‍ എന്നാണ് ലഭ്യമായ വിവരം. ഇസ്രയേലില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച മൃതദേഹം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് ഏറ്റുവാങ്ങിയത്. ഡല്‍ഹി ഇസ്രയേല്‍ എംബസിയിലെ ചാര്‍ജ് ദ അഫയേഴ്‌സ് റോണി യദിദിയയും സൗമ്യയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ബുധനാഴ്ചയാണ് ഗാസയില്‍ നിന്നുള്ള ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടേക്കറായി ജോലിചെയ്യുന്ന ഇസ്രായേലിലെ അഷ്‌കെലോണ്‍ നഗരത്തിലെ വീടിനു മുകളില്‍ റോക്കറ്റ് പതിക്കുകയായിരുന്നു. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കവെയാണ് സൗമ്യ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Content Highlights: Mortal remains of Soumya Santhosh Reaches Kochi