എം. ശിവശങ്കർ, പുറത്ത് വന്ന വാട്‌സ്ആപ്പ് ചാറ്റ് | Photo: Mathrubhumi, Screengrab/Mathrubhumi News
കൊച്ചി: ലൈഫ് മിഷന്‍ കോഴയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്. 2019 സെപ്റ്റംബറില്‍ ശിവശങ്കറും സ്വപ്‌ന സുരേഷും തമ്മില്‍ നടത്തിയ ചാറ്റുകളുടെ വിവരങ്ങളാണ് പുറത്ത് വന്നത്. റെഡ്ക്രസന്റിനെ എങ്ങനെ ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് കൊണ്ടുവരണം എന്നതടക്കമുള്ള കാര്യങ്ങള്‍ ശിവശങ്കര്‍ ഉപദേശിക്കുന്നത് ഉള്‍പ്പെടെ പുറത്ത് വന്ന ചാറ്റുകളിലുണ്ട്.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാര്‍ യുണിടാക്കിന് ലഭിക്കാന്‍ ഇടപെട്ടതും റെഡ്ക്രസന്റിനെ കരാറുമായി ബന്ധപ്പെടുത്തിയതിലടക്കം ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിക്കുന്നത്. നേരത്തെ പുറത്ത് വന്നതിന്റെ തുടര്‍ച്ചയായുള്ള വാട്‌സ്ആപ്പ് ചാറ്റുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റെഡ്ക്രസന്റ് നല്‍കേണ്ട കത്തിന്റെ മാതൃകയും ചാറ്റുവഴി ശിവശങ്കര്‍ സ്വപ്‌നയ്ക്ക് നല്‍കുന്നുണ്ട്.
വടക്കാഞ്ചേരിയിലെ അപ്പാര്‍ട്‌മെന്റ് നിര്‍മ്മിക്കുമ്പോള്‍ പ്രളയദുരതാശ്വാസവുമായി ബന്ധപ്പെട്ട് പണം നല്‍കാമെന്ന് റെഡ്ക്രസന്റ് അറിയിച്ചിരുന്നു. റെഡ്ക്രസന്റും ലൈഫ് മിഷനും തമ്മിലാണ് ആദ്യഘട്ടത്തില്‍ ധാരണാപത്രം ഒപ്പുവെക്കുന്നത്. ഇതിലടക്കം ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്ന് ഇ.ഡി. അവകാശപ്പെടുന്നു. റെഡ്ക്രസന്റ് പണം വാഗ്ദാനം ചെയ്യുന്നതിലും യുണിടാക്കമായി തമ്മിലുള്ള കരാറില്‍ കമ്മിഷന്‍ വാങ്ങുന്നതിലും ശിവശങ്കറിന് പങ്കുണ്ടെന്ന് ഇ.ഡി. പറയുന്നു. ഇതിനെ സാധൂകരിക്കുന്ന ചാറ്റുകളാണ് നിലവില്‍ പുറത്തുവരുന്നത്.
അഞ്ചുദിവസത്തെ കസ്റ്റഡിയിലുള്ള ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം കൊച്ചിയിലെ കോടതിയില്‍ ഇ.ഡി. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷമായിരിക്കും കൂടുതല്‍ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുക. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിനെ ഒപ്പമിരുത്തി ചോദ്യം ചെയ്തപ്പോള്‍ ശിവശങ്കറിനെ വെട്ടിലാക്കുന്ന മൊഴി ഇ.ഡിക്ക് ലഭിച്ചിരുന്നു. എന്നാല്‍, ലോക്കറുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പൂര്‍ണ്ണനിസ്സഹകരണമാണ് ശിവശങ്കറിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. വെള്ളിയാഴ്ചയും ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന ഇ.ഡി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്. നേരത്തെ സ്വപ്‌ന സുരേഷിന്റെ ഫോണില്‍ നിന്ന് ലഭിച്ച വാട്‌സ്ആപ്പ് ചാറ്റുകള്‍, മിറര്‍ ഇമേജുകള്‍ ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട തെളിവുകളായി ഇ.ഡി. ചൂണ്ടിക്കാട്ടുന്നു.
കേസിന്റെ അടുത്ത ഘട്ടത്തില്‍ ശിവശങ്കറിന് പുറമേയുള്ള മറ്റ് ഒമ്പത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. സ്വപ്‌ന, സരിത്ത്, സന്ദീപ്, സന്തോഷ് ഈപ്പന്‍, യദുകൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്‌തേക്കും. കേസില്‍ ഒമ്പതാം പ്രതിയാണ് ശിവശങ്കര്‍. വരും ദിവസങ്ങളില്‍ അറസ്റ്റ് ഉണ്ടായേക്കും. സി.ബി.ഐയും കേസില്‍ അന്വേഷണം തുടരുന്നുണ്ട്.
Content Highlights: more whatsapp chats of m shivashankar swapna suresh out now
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..