കലൂരിൽ പരിശോധനയ്ക്കായി കാത്തുനിൽക്കുന്ന വാഹനങ്ങൾ.
കൊച്ചി: വിവിധ ജില്ലകളിൽ ലോക്ക്ഡൗൺ ഇളവുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹനത്തിരക്ക് വർധിച്ചു. ഓറഞ്ച് എ മേഖലയിൽ പെടുന്ന എറണാകുളം ജില്ലയിൽ 24ന് മാത്രമേ ഇളവുകൾ പ്രാബല്യത്തിൽ വരൂ.
എറണാകുളത്ത് പാലാരിവട്ടം, കലൂർ, എംജി റോഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ പരിശോധനാ കേന്ദ്രങ്ങളിലെല്ലാം തിരക്കേറിയിട്ടുണ്ട്. ലോക്ക്ഡൗൺ അവസാനിച്ചെന്ന രീതിയിലാണ് പലരും സംസാരിക്കുന്നതെന്ന് പാലാരിവട്ടത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

'നിരവധി വാഹനങ്ങളാണ് വരുന്നത്. അവശ്യ സാധനങ്ങൾ വാങ്ങാൻ പോകുന്നവരേക്കാളേറെ ആശുപത്രികളിലേക്കും തുറന്നുപ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്കുമുള്ള ആളുകളാണ് കൂടുതൽ. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ലോക്ക്ഡൗൺ അവസാനിച്ചെന്ന രീതിയിലാണ് പലരും തർക്കിക്കുന്നത്. നിയന്ത്രണങ്ങൾ അവസാനിച്ചിട്ടില്ലെന്ന കാര്യത്തിൽ ആളുകൾക്ക് വ്യക്തമായ ധാരണയില്ലെന്നാണ് മനസ്സിലാകുന്നത്' -പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സത്യവാങ്മൂലം പോലുമില്ലാതെയാണ് പലരും വരുന്നതെന്ന് പരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പോലീസുകാരൻ പറയുന്നു. ധാരാളം വാഹനങ്ങൾ വരുന്നതിനാൽ എല്ലാ വാഹനങ്ങളും പരിശോധിക്കുന്നതും കേസെടുക്കുന്നതും പ്രായോഗികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന ചില കടകൾ ഉൾപ്പെടെ ചില സ്ഥാപനങ്ങൾ മാത്രമാണ് നഗരത്തിൽ ഇന്ന് അധികമായി തുറന്നിട്ടുള്ളത്. ആശുപത്രികളിലേക്കും മറ്റുമാണ് ഏറെ പേരും എത്തുന്നത്. നേരത്തേ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രം ഇറങ്ങിയിരുന്നവരും ഇപ്പോൾ കൂടുതൽ തവണ പുറത്തിറങ്ങുന്നു.
പ്രവർത്തനസമയം വർധിപ്പിച്ചതോടെ ബാങ്കുകളിലും തിരക്കേറിയിട്ടുണ്ട്. റെഡ് സോൺ ഒഴികെയുള്ള ഇടങ്ങളിൽ തിങ്കളാഴ്ച മുതൽ ബാങ്കുകളുടെ പ്രവർത്തനസമയം പത്തു മുതൽ നാലു വരെ ആക്കിയിട്ടുണ്ട്. സാധാരണ ലോക്ക്ഡൗണിൽ എത്തുന്നതിനേക്കാളേറെ പേർ ഇന്ന് ഇടപാടിനായി എത്തുന്നുണ്ട് എംജി റോഡിലെ എസ്ബിഐ ശാഖയിലെ ഉദ്യോഗസ്ഥൻ മുരളി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..