തിരുവനന്തപുരം: കോൺഗ്രസും യുഡിഎഫും തകർച്ചയുടെ വക്കിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ സിപിഎമ്മിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫിന്റെ തകർച്ചയുടെ വേഗത വർധിച്ചിരിക്കുന്നു. യുഡിഎഫിലെ മുഖ്യ പാർട്ടിയായ കോൺഗ്രസിൽ വലിയ തകർച്ചയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. മുസ്ലിം ലീഗിനകത്തും വലിയ തർക്കങ്ങളാണ് ഉണ്ടാകുന്നത്. ഇനിയും യുഡിഎഫ് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും.

കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ നേതാക്കൾ ജനങ്ങളുടെ മുന്നിൽ പറഞ്ഞത് രാഷ്ട്രീയമാണ്. കോൺഗ്രസിൽ ഒരു സാധാരണ പ്രവർത്തകൻ പറയുന്ന കാര്യങ്ങൾക്ക് യാതൊരു വിലയും ഇല്ല. അവരുടെ വ്യക്തിത്വം അവഗണിക്കപ്പെടുകയാണ്. നിലപാടുള്ള ആളുകൾക്ക് നിലനിൽപില്ലാത്ത ഒരു സാഹചര്യമാണ് കോണ്‍ഗ്രസിലുള്ളത്. അതുകൊണ്ടാണ് കോൺഗ്രസിലെ നല്ല ആളുകൾ, ഉന്നതമായ പൊതു ജീവിതമുള്ളവർ ഇടതുപക്ഷത്തോട് അടുക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. ഇത്തരത്തിൽ പാർട്ടി വിട്ട് സിപിഎമ്മിൽ എത്തുന്നത് ഇടതുപക്ഷത്തിന്റെ നയങ്ങളുടെ ഭാഗമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എന്നാൽ സിപിഐ - കേരളാ കോൺഗ്രസ് വിഷയത്തിൽ അധികമൊന്നും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. എൽഡിഎഫിലെ എല്ലാ പാർട്ടികൾക്കും ജനപിന്തുണയുണ്ട്. എൽഡിഎഫിലെ വിപുലമായസഖ്യമാണ് ഇടതുമുന്നണിയുടെ വിജയത്തിന്റെ പിന്നിലെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, ഈരാറ്റു പേട്ടയിൽ അവിശ്വാസം പാസായിട്ടുണ്ടെങ്കിലും അധികാരത്തിലെത്തുമ്പോൾ സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിനനുസരിച്ചുള്ള നടപടിയേ ഉണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: more congress leaders will Join cpm hints A vijayaraghavan