കൊച്ചി: മോൻസൺ മാവുങ്കൽ തട്ടിപ്പിനുള്ള മറയായാണ് കലിംഗ കല്യാൺ ഫൗണ്ടേഷൻ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ സംഘം. കലിംഗ കല്യാൺ ഫൗണ്ടേഷനിലെ പങ്കാളികളെ അന്വേഷണ സംഘം കണ്ടെത്തി. ഇതോടെ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. അതേസമയം മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം എത്രയും വേഗത്തിൽ പൂർത്തിയാക്കുന്നതിനായി പത്ത് പേരെക്കൂടി ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി.

മോൻസൺ മാവുങ്കലിന്റെ കലിംഗ കല്യാൺ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് ഡയറക്ടർമാരും പ്രമോട്ടർമാരുമായി പ്രവർത്തിച്ചിരുന്നത് ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന മലയാളികളാണ്. ഇവരിൽ ഒരാളിൽ നിന്ന് രണ്ട് കോടി രൂപ മോൻസൺ തട്ടിയെടുത്തതായാണ് വിവരം. പ്രവാസി വനിതക്കടക്കം പഞ്ച നക്ഷത്ര ഹോട്ടലിൽ താമസമൊരുക്കാൻ മോൻസൺ ലക്ഷങ്ങളാണ് ചെലവൊഴിച്ചത്.

കേസുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹോക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളടക്കം കൃത്യമായി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അതിനുവേണ്ടിയുള്ള നീക്കത്തിലേക്കാണ് ക്രൈംബ്രാഞ്ച് കടന്നിരിക്കുന്നത്. മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകൾ, ഫോൺരേഖകൾ, സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ഇടപെടലുകൾ എന്നിവയെല്ലാം വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി ഹൈടെക് സെൽ എസ് എച്ച് ഒയെക്കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചിരിക്കുന്നത്.

Content Highlights:Monsons Kalinga Kalyan cover for fraud Crime Branch has expanded its investigation team