കൊച്ചി: തങ്ങളുടെ ഭാഗത്തെ ന്യായീകരിക്കുകയാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെന്ന് മോന്‍സണെതിരായി പീഡനപരാതി ആരോപിച്ച പെണ്‍കുട്ടിയുടെ സുഹൃത്ത്. വൈദ്യപരിശോധന നടത്തിയ മുറിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്നും തങ്ങള്‍ പറഞ്ഞാണ് പോലീസ് ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്നും പെണ്‍കുട്ടിയുടെ സുഹൃത്ത് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

മോന്‍സണ്‍ പ്രതിയായ പോക്സോ കേസിലെ പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന തടസപ്പെടുത്തിയത് വനിതാപോലീസാണെന്നും പരിശോധനയ്ക്കിടെ വനിതാ പോലീസ് മുറിക്കുള്ളിലേക്ക് ചെല്ലുകയും പരിശോധന തടസ്സപ്പെടുത്തി പെണ്‍കുട്ടിയെ അവിടെ നിന്ന് കൊണ്ടുപോകുകയായിരുന്നുവെന്നുമാണ് കെ.ജി.എം.സി.ടി.എ എറണാകുളം യൂണിറ്റിന്റെ ആരോപണം. ഇതിനോട് പ്രതികരിക്കുകയായിരുന്നു പെണ്‍കുട്ടിയുടെ സുഹൃത്ത്. അതേസമയം, പെണ്‍കുട്ടിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേ കേസെടുക്കയും ഇവരെ കഴിഞ്ഞ ദിവസം ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

പരിശോധനക്ക് എത്തുന്ന ഒരാള്‍ ആശുപത്രിയില്‍ നിന്നും വെറുതേ ഇറങ്ങി ഓടില്ലല്ലോ. ഒന്നുകില്‍ മാനസിക രോഗമായിരിക്കണം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്നമായിരിക്കണം. ഒരാളാണ് ഇറങ്ങി ഓടിയതെങ്കില്‍ മാനസിക രോഗമാണെന്ന് പറയാമായിരുന്നു. ഞങ്ങള്‍ രണ്ട് പേരും വെറുതേ അവിടെ നിന്നും ഇറങ്ങി ഓടില്ലല്ലോ. ഡോക്ടര്‍മാര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പറയുന്നത്. ലേബര്‍ റൂമിനുള്ളില്‍ സി.സി.ടി.വി ഉണ്ടാകില്ലെന്ന ഉറപ്പുള്ളത് കൊണ്ടാണ് അവര്‍ ഇത്ര ധൈര്യത്തില്‍ സി.സി.ടി.വി പരിശോധിക്കാന്‍ ആവശ്യപ്പെടുന്നത്. തടിതപ്പാനുള്ള ശ്രമം മാത്രമാണ് ഡോക്ടര്‍മാര്‍ നടത്തുന്നത്. ഞങ്ങളെ ലേബര്‍ റൂമിനുള്ളില്‍ പൂട്ടിയിടുകയായിരുന്നു. ഡോക്ടര്‍മാര്‍ മോന്‍സണ് അനുകൂലമായി സംസാരിക്കുകയും മോന്‍സണിന്റെ മകന്‍ അവിടെ പഠിക്കുന്ന കാര്യങ്ങള്‍ പറയുകയും ചെയ്തിരുന്നു. ഞങ്ങളോട് ഇതൊന്നും പറയേണ്ട കാര്യമില്ല. ഇതൊക്കെ കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് അവരോട് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് പറയുകയായിരുന്നു. ഇതിനെക്കാള്‍ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി കൊടുക്കുന്നതാണ് പ്രധാനപ്പെട്ട കാര്യം, പെണ്‍കുട്ടിയുടെ സുഹൃത്ത് പറഞ്ഞു.

ലേബര്‍ റൂം അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. പിന്നെ എങ്ങനെയാണ് പോലീസുകാര്‍ അവിടെ വന്ന് ഞങ്ങളെ കൊണ്ടുപോയി എന്ന് പറയുക? മറ്റൊരു ഡോക്ടര്‍ ഞങ്ങള്‍ക്ക് വട്ടംനില്‍ക്കുകയുമായിരുന്നു. ഞങ്ങള്‍ പുറത്തിറങ്ങി പോലീസിനോട് വിവരം പറഞ്ഞ ശേഷമാണ് അവര്‍ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഞങ്ങളുടെ ഭാഗത്താണ് ശരി എന്നുള്ളതുകൊണ്ടാണ് ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടുപോകുന്നതെന്നും സുഹൃത്ത് പറഞ്ഞു.

അതേസമയം, പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ മോന്‍സണിന് അനുകൂലമായി സംസാരിച്ചുവെന്നു പറയുന്നത് ശരിയല്ലെന്ന് കെ.ജി.എം.സി.ടി.എ എറണാകുളം യൂണിറ്റ് സെക്രട്ടറി ഡോ. ഫൈസല്‍ അലി പറഞ്ഞു. മോന്‍സണ്‍ന്റെ മകന്‍ കോളേജില്‍ പഠിക്കുന്നുണ്ട് എന്ന് ഡോക്ടര്‍ അറിയുന്നത് ഈ സംഭവത്തിന് ശേഷമാണ്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കെതിരേ ഇപ്പോള്‍ ഇരയായ പെണ്‍കുട്ടി നല്‍കിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും പോലീസോ മോന്‍സണുമായി ബന്ധമുള്ള മറ്റ് ഉന്നതരോ കുട്ടിയെ ഭീഷണിപ്പെടുത്തിയായിരിക്കാം ഇത്തരത്തിലൊരു പരാതി നല്‍കിയതെന്നും ഡോ. ഫൈസല്‍ അലി ആരോപിക്കുന്നു.

Content Highlights: Monson sexual abuse case