മോൻസൺ മാവുങ്കൽ
കൊച്ചി: തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കലിനെ മൂന്നുദിവസത്തേക്കു കൂടി ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ തെളിവുകളും വിവരങ്ങളും ശേഖരിക്കാനുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. മോണ്‍സന്‍ ഹാജരാക്കിയിരുന്ന ബാങ്ക് രേഖകള്‍ കൃത്രിമമാണെന്ന് എച്ച്.എസ്.ബി.സി. ബാങ്ക് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ബാങ്കില്‍നിന്ന് തേടിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നതിനു പുറമേ കൂടുതല്‍ കേസുകള്‍ ഇപ്പോള്‍ മോണ്‍സന് എതിരെയുണ്ടെന്ന് പ്രതിയെ ഹാജരാക്കവേ ക്രൈം ബ്രാഞ്ച് കോടതിയില്‍ പറഞ്ഞു. നിലവിലുണ്ടായിരുന്ന സാമ്പത്തിക തട്ടിപ്പു കേസില്‍, ഫെമ ഇടപാടുമായി ബന്ധപ്പെട്ട് മോണ്‍സന്‍ ഹാജരാക്കിയിരുന്ന മുഴുവന്‍ രേഖകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ എച്ച്.എസ്.ബി.സി. ബാങ്ക് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. 2,62,000 കോടി രൂപയുടെ രേഖകള്‍ മോണ്‍സണ്‍ പ്രദര്‍ശിപ്പിച്ചത് തങ്ങളുടെ രേഖകളല്ലെന്ന് ബാങ്ക് പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രേഖകള്‍ മോണ്‍സണ്‍ എങ്ങനെയാണ് കെട്ടിച്ചമച്ചതെന്നും അന്വേഷിക്കുന്നുണ്ട്. കൂടാതെ ചില ട്രിബ്യൂണലുമായി ബന്ധപ്പെട്ട രേഖകള്‍ കൂടി മോണ്‍സന്‍ തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ട്. ഇവ എങ്ങനെ കൃത്രിമമായി നിര്‍മിച്ചു, ആരുടെ സഹായം ലഭിച്ചു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നുമാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്.
പ്രതിഭാഗം ശക്തമായി വാദിച്ചെങ്കിലും ക്രൈം ബ്രാഞ്ച് കസ്റ്റഡി ഒഴിവാക്കാനായില്ല. കോടികളുടെ തട്ടിപ്പ് നടന്നെന്ന് പറയുമ്പോഴും അതിന് മതിയായ രേഖകള്‍ ക്രൈം ബ്രാഞ്ചിന്റെ പക്കലില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാണിച്ചു. മാധ്യമവാര്‍ത്തകള്‍ക്കു പിന്നാലെയാണ് അന്വേഷണ സംഘം പോകുന്നതെന്നും 10 കോടിയുടെ തട്ടിപ്പ് നടന്നെന്ന് പറയുമ്പോഴും ഒരുകോടി തുക കൈമാറിയതിന്റെ രേഖകള്‍ മാത്രമാണ് ക്രൈം ബ്രാഞ്ച് കാണിച്ചിട്ടുള്ളതെന്നും പ്രതിഭാഗം പറഞ്ഞു.
content highlights: monson sent to crime branch custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..