
കലൂരിലെ വീട്, മോൻസൻ മാവുങ്കൽ
കൊച്ചി: തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ചേർത്തല സ്വദേശി മോൻസൻ മാവുങ്കലിന്റെ കലൂരിലെ വീട് നിഗൂഢതകൾ നിറഞ്ഞത്. ദിവസവും ഉന്നതർ ആഢംബര വാഹനങ്ങളിൽ വന്നുപോകുന്ന ഈ വീട് സമീപവാസികളുമായി യാതൊരു ബന്ധവും പുലർത്തുന്നില്ല. സംസ്ഥാനത്തെ ഉന്നതരുമായി അടുത്ത ബന്ധമാണ് മോൻസൻ മാവുങ്കലിന്. അതേസമയം പത്ത് കോടി രൂപ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ഇവിടെ ക്രൈംബ്രാഞ്ചിന്റെ റെയിഡ് ഇപ്പോഴും തുടരുകയാണ്.
കലൂർ ആസാദ് റോഡിലാണ് മോൻസൻ മാവുങ്കലിന്റെ കൊട്ടാര സമാനമായ വീട്. വലിയ ഗേറ്റും ചുറ്റും നിരവധി സിസിടിവി ക്യാമറകളും വീടിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. ഗേറ്റിൽ ഇയാൾ ഏതൊക്കെ ചുമതലകൾ വഹിക്കുന്നു എന്ന് വ്യക്തമാക്കുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ വീട് കേന്ദ്രീകരിച്ച് പുരാവസ്തുകേന്ദ്രം നടത്തുകയായിരുന്നു ഇയാൾ. ദിവസവും നിരവധി ആഡംബര കാറുകൾ വന്ന് പോകുന്ന ഈ വീടിന് സമീപവാസുകളുമായി യാതൊരു ബന്ധവുമില്ല. ആഡംബര വാഹനങ്ങൾ, പോലീസ് വാഹനങ്ങൾ തുടങ്ങിയവ വന്നുപോകാറുണ്ടെന്നും ആരാണെന്നോ എന്താണെന്നോ തങ്ങൾക്ക് അറിയില്ലെന്നും സമീപ വാസികൾ പറയുന്നു.
പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതിപുരാതവും കോടിക്കണക്കിന് രൂപ വില വരുന്നതുമാണെന്നാണ് ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്. യേശുക്രിസ്തുവിനെ ഒറ്റുകൊടുത്ത 30 വെള്ളിക്കാശ് , മോശയുടെ അംശ വടി, ടിപ്പുസുൽത്താന്റെ സിംഹാസനം അങ്ങനെ നിരവധി അതിപുരാതനമായ കോടിക്കണക്കിന് വിലവരുന്ന വസ്തുക്കളാണ് ഇവിടെയുള്ളതെന്നും രാജ കുടുംബങ്ങളുമായി അഭേദ്യമായ ബന്ധമാണ് ഇയാൾക്കുള്ളതെന്നുമടക്കമാണ് പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇതിൽ പലതിലും തട്ടിപ്പുണ്ടെന്നാണ് ഇയാൾക്കെതിരായ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
സംസ്ഥാനത്തെ പല പ്രമുഖരേയും കലൂരിലെ ഈ വീട്ടിലേക്ക് വിളിച്ചു വരുത്തി സ്തകരിക്കുന്ന പതിവുണ്ടായിരുന്നു. അത്തരത്തിൽ ഉന്നതരായ പലരേയും ചൂണ്ടിക്കാണിച്ച് അവരുമായുള്ള ബന്ധം വ്യക്തമാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. അതേസമയം ഇയാളുടെ അറസ്റ്റിന് പിന്നാലെ സിനിമ മേഖലയിലും പോലീസ് ഉന്നതരുമായുമുള്ള ബന്ധങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോകളും ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഈ ഉന്നത ബന്ധം മറയാക്കിയാണ് മോന്സന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത്.
രണ്ട് ലക്ഷത്തി അറുപത്തി രണ്ടായിരം കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തി. അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്. അതിന് വേണ്ടി സഹായം ചെയ്ത് നൽകിയാൽ ബിസിനസ് സംരംഭങ്ങൾക്ക് വേണ്ടി താൻ പലിശ രഹിതമായി പണം നൽകാമെന്ന വാഗ്ദാനം നൽകിയാണ് മോൻസൻ തട്ടിപ്പ് നടത്തിയിരിക്കുന്നത്. അഞ്ച് പേരിൽ നിന്ന് പത്ത് കോടി രൂപ തട്ടിയെടുത്തുവെന്നാണ് ക്രൈംബ്രാഞ്ചിന് നൽകിയിരിക്കുന്ന പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് എഫ്.ഐ.ആര് ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരിൽ നിന്നും ഇത്തരത്തിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇയാളുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ട് എന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് പരിശോധിച്ച് വരുകയാണ്.
Content Highlights:Monson Mavunkals house in Kaloor is full of mysteries he is arrested under money fraud case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..