ചേര്‍ത്തല: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ പല കേസുകളിലും സംരക്ഷിച്ചത് ഉന്നതരെന്ന് കണ്ടെത്തല്‍. ട്രാഫിക് ഐജി ജി. ലക്ഷ്മണ മോന്‍സണിനായി ഇടപെട്ടതിന്റെ ഇമെയില്‍ വിവരങ്ങള്‍ പുറത്തുവന്നു. നേരത്തെ മോന്‍സണെതിരായ പരാതിയിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്ന് ചേര്‍ത്തല എസ്എച്ച്ഒയ്ക്ക് കൈമാറാന്‍ ലക്ഷമണ ആവശ്യപ്പെട്ടതിന്റെ തെളിവുകളാണ്‌ പുറത്തുവന്നത്. 

ആറര കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പന്തളം സ്വദേശി നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് ലക്ഷമണ ഇടപെട്ടത്. ഈ കേസിലെ അന്വേഷണം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍ കേസന്വേഷണം തിരിച്ച് ചേര്‍ത്തല എസ്എച്ച്ഒയ്ക്ക് കൈമാറാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ പേരില്‍ ട്രാഫിക് ഐജിയായ ജി. ലക്ഷ്മണ ഉത്തരവിറക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലക്ഷ്മണ അയച്ച ഇമെയില്‍ വിവരങ്ങളാണിപ്പോള്‍ പുറത്തുവന്നത്. 
 
കേസന്വേഷണം മാറ്റാന്‍ ലക്ഷ്മണ ഉത്തരവിട്ട ഇ-മെയില്‍ വിവരങ്ങള്‍ മോന്‍സണ്‍ തന്നെയാണ് പരാതിക്കാര്‍ക്ക് നല്‍കിയിരുന്നത്. തങ്ങളില്‍ വിശ്വാസ്യതയുണ്ടാക്കാനാണ് മോന്‍സണ്‍ ഐജിയുടെ ഉത്തരവ്  കാണിച്ചുതന്നതെന്ന് പരാതിക്കാര്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.

സംസ്ഥാനത്തെ നിരവധി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മോന്‍സണുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് വിവരം. കൊച്ചി നഗരത്തിലെ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിന് തൊട്ടുമുമ്പ് ചേര്‍ത്തലയില്‍ നടന്ന മോന്‍സണിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിലും പ്രമുഖരായ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരും മോന്‍സണും തമ്മില്‍ നിയമവിരുദ്ധമായ ഇടപെടലുകളുണ്ടോയെന്നത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

ഒക്ടോബര്‍ ആറ് വരെ റിമാന്‍ഡിലുള്ള മോന്‍സണെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.

content highlights: monson mavunkal was protected by top police officials, evidence out