മോൺസണിന്റെ വീട്ടിലുള്ള വാഹനങ്ങൾ
കൊച്ചി: മോൺസൻ മാവുങ്കലിന്റെ വാഹനങ്ങളെല്ലാം പഴയതാണെന്ന് മോട്ടോര്‍വാഹന വകുപ്പ്. നിരത്തിലിറക്കാന്‍ യോഗ്യമല്ലാത്ത കാറുകളാണ് മോൺസന്റേത്. എട്ട് കാറുകളുടെ രജിസ്‌ട്രേഷന്‍ കേരളത്തിന് പുറത്താണെന്നും വ്യക്തമായിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മോൺസന്റെ വീട്ടിലെത്തി വാഹനങ്ങള്‍ പരിശോധിച്ചത്. വാഹനങ്ങളുടെ താക്കോല്‍ ചോദിച്ചപ്പോള്‍ വീട്ടിലുള്ളവര്‍ ആദ്യഘട്ടത്തില്‍ കൈമാറാന്‍ തയ്യാറായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആഡംബരക്കാറുകള്‍ എന്ന് പറയുന്നുണ്ടെങ്കില്‍ സ്റ്റാര്‍ട്ട് ആക്കാന്‍ പോലും പറ്റാത്തവയായിരുന്നു പലതും. എട്ടുകാറുകളും യാത്രായോഗ്യമല്ലായിരുന്നു. വാഹനങ്ങള്‍ മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഇവ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വാഹനങ്ങള്‍ പഴയതായതിനാല്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പരിഹാവന്‍ വെബ്‌സൈറ്റില്‍ ഇവയുടെ വിവരങ്ങള്‍ ലഭ്യമല്ല. അതിനാല്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനങ്ങളിലെ ആര്‍ടിഒമാര്‍ക്ക് കത്തയച്ച് രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് മോട്ടോര്‍വാഹനവകുപ്പിന്റെ തീരുമാനം.
'ആഡംബര കാറുകള്‍' തട്ടിപ്പിന്റെ മറ
മോന്‍സണ്‍ തട്ടിപ്പിന് മറയായി ഉപയോഗിച്ചത് 'ആഡംബര കാറുകള്‍'. മോന്‍സണ് പണം നല്‍കുന്നവര്‍ക്ക് ഈ കാറുകള്‍ ദീര്‍ഘനാളത്തേക്ക് ഉപയോഗിക്കാന്‍ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ഇതില്‍ ചിലത് വ്യാജ ആഡംബര കാറുകള്‍ ആയിരുന്നുവെന്നും സംശയമുണ്ട്. വാഹനങ്ങളില്‍ പലതിന്റെയും വിശദാംശങ്ങള്‍ സര്‍ക്കാര്‍ രേഖകളിലില്ല.
കോടിക്കണക്കിന് രൂപ വിലയുള്ള വിദേശ ആഡംബര കാറുകളുടെ മോടി കാണിച്ചായിരുന്നു പണം നല്‍കുന്നവരെ മോൺസൻ വശീകരിച്ചിരുന്നത്. ലക്ഷങ്ങള്‍ ഇരട്ടിയാക്കി നല്‍കാം എന്നുപറഞ്ഞ് വാങ്ങുമ്പോള്‍ പകരം 'ഇതിരിക്കട്ടെ' എന്നുപറഞ്ഞ് കാറുകള്‍ ഉപയോഗിക്കാന്‍ നല്‍കും. 'ഈടായി' കാര്‍ നല്‍കുന്നതോടെ മോന്‍സണിലുള്ള വിശ്വാസം ഇരട്ടിയാകും. പണത്തോടുള്ള അത്യാര്‍ത്തിയാണ് പലരും മോൺസന്റെ വലയില്‍വീഴാന്‍ കാരണം.
രജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിച്ചാല്‍ 'വാഹന്‍' വെബ്‌സൈറ്റില്‍ നിന്ന് വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന് ലഭിക്കേണ്ടതാണ്. മോൺസന്റെ ശേഖരത്തിലുള്ള പല കാറുകളുടെയും വിവരങ്ങള്‍ ഇതിലില്ല. കാറിന്റെ എന്‍ജിന്‍, ചേസിസ് നമ്പറുകളടക്കം വിശദമായി പരിശോധിക്കാനാണ് മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം.
Content Highlights: Monson Mavunkal's Vehicles are old, says Motor vehicle department
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..