കൊച്ചി: പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനുള്ളത് ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍.  കെ.പി.സി.സി.സി പ്രസിഡന്റ് കെ. സുധാകരനൊപ്പമുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണും അടക്കമുള്ളവര്‍ക്കൊപ്പമുള്ള ചിത്രമാണ് പുറത്തുവന്നത്. 

സമൂഹത്തില്‍ വളരെ ഉന്നതസ്ഥാനത്തുള്ള പലര്‍ക്കുമൊപ്പം മോന്‍സണ്‍ അടുപ്പത്തോടെ നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം പുറത്തുവന്നിട്ടുണ്ട്. പ്രമുഖരായ വ്യക്തിത്വങ്ങളാണ് മോന്‍സണ്‍ മാവുങ്കലിന് സന്ദര്‍ശകരായി ഉണ്ടായിരുന്നത്. ആ സമയത്തുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പോലീസിലെ നിരവധി ഉന്നതോദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളിലെ ഉന്നത നേതാക്കള്‍ക്കും സിനിമാ താരങ്ങള്‍ക്കുമെല്ലാം മോന്‍സണുമായി വളരെ അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിസമ്പന്നരുമുണ്ട് സൗഹൃദപ്പട്ടികയില്‍. 

മോന്‍സണ്‍ മാവുങ്കലിനെ പരിചയമുണ്ടെന്ന് ജിജി തോംസണ്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരികളിലൊരാളാണ് താന്‍. മോന്‍സണും ഒരു രക്ഷാധികാരിയാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഒന്നുരണ്ട് പ്രാവശ്യം അദ്ദേഹത്തിന്റെ പുരാവസ്തു ശേഖരം കാണിക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഭാര്യക്കൊപ്പം പോയാണ് അത് കണ്ടത്. 

ആരേയും അത്ഭുതപ്പെടുത്തുന്ന പുരാവസ്തുക്കുടെ വലിയ ശേഖരമായിരുന്നു മോന്‍സണ് ഉണ്ടായിരുന്നത്. പക്ഷേ എല്ലാം ഒറിജിനലാണോ എന്ന കര്യത്തില്‍ സംശയമുണ്ടായിരുന്നു. എല്ലാത്തിനും ആധികാരികമായ രേഖകളുണ്ടെന്നാണ് മോന്‍സണ്‍ അവകാശപ്പെട്ടത്. ചിലതെല്ലാം കാണിക്കുകയും ചെയ്തിരുന്നു. താല്പ്യമില്ലാതിരുന്നതിനാല്‍ മുഴുവന്‍ വസ്തുനിഷ്ഠമായി നോക്കിയിരുന്നില്ല. റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥനായതിനാല്‍ സഹായം ലഭിക്കില്ലെന്ന് മനസിലായിരുന്നു. ഡിജിപിയെ അടക്കം പലരേയും അറിയാമോ എന്ന് ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

1999-2000 കാലഘട്ടത്തില്‍ മോന്‍സണിന്റെ കേസുകള്‍ വാദിച്ചുള്ള പരിചയമാണുള്ളതെന്ന് ലാലി വിന്‍സെന്റും പറഞ്ഞു. ഒന്നു രണ്ട് പരാതികളില്‍ ഹാജരായിട്ടുണ്ട്. ഇടക്കാലത്ത് കണ്ടിട്ടുണ്ടായിരുന്നില്ല. പിന്നീടൊരിക്കല്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. 2017ലാണെന്നാണ് ഓര്‍മ. കെ.സുധാകരന്‍, ജിജി തോംസണ്‍, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരടക്കം ഭക്ഷണം കഴിക്കാന്‍ ഉണ്ടായിരുന്നു. പക്ഷേ കേസിന്റെ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. 

Content Highlights: Monson Mavunkal's picture with K Sudhakaran, Laly Vincent, Jiji Thomson