കൊച്ചി: സാമ്പത്തിക ഇടപാടുകള്‍ക്കായി മോണ്‍സന്‍ മാവുങ്കല്‍ തന്റെ ജീവനക്കാരുടെ അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നുവെന്ന് മുന്‍ ഡ്രൈവര്‍ അജിത്തിന്റെ വെളിപ്പെടുത്തല്‍. രണ്ടരക്കോടി രൂപ താനറിയാതെ തന്റെ അക്കൗണ്ടില്‍ എത്തിയിരുന്നു. സമാനമായി പല ജീവനക്കാരുടേയും അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപ എത്തിയിരുന്നുവെന്നും അജിത്ത് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. 

ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ തന്റെ അക്കൗണ്ടില്‍ പത്ത് ലക്ഷം രൂപ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് എട്ട് മാസങ്ങള്‍ക്ക് മുന്‍പ് താനും മോണ്‍സണും തമ്മില്‍ തെറ്റിയത്. മോണ്‍സണുമായി തെറ്റിപ്പിരിഞ്ഞതിനു ശേഷം സമവായത്തിനു വേണ്ടി നിരവധി തവണ തന്നെ വിളിച്ചിരുന്നു. തന്റെ പേരില്‍ കള്ളക്കേസ് വരെ ഉണ്ടാക്കി. തെറ്റിപ്പിരിഞ്ഞപ്പോള്‍ ഉടക്കാന്‍ നില്‍ക്കുന്നതെന്തിനാണ്, രവി പൂജാരിയുമായി ബന്ധമുള്ളയാളാണ് താന്‍ എന്നൊക്കെ മോണ്‍സന്‍ പറഞ്ഞിട്ടുണ്ടെന്നും അജിത്ത് പറഞ്ഞു. 

പുരാവസ്തുക്കളുടെ പേരുപറഞ്ഞ് തട്ടിപ്പ് നടക്കുന്നുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നു. മ്യൂസിയം ഒരു കൗതുകത്തിന്റെ പുറത്ത് ഉണ്ടാക്കിയതാണെന്നായിരുന്നു താന്‍ കരുതിയിരുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മ്യൂസിയത്തില്‍ വന്നപ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നു. കെ. സുധാകരന്‍ നിരവധി തവണ മ്യൂസിയത്തില്‍ വന്നിട്ടുണ്ട്. എബിന്‍ എന്ന് പേരുള്ള സുധാകരന്റെ ജീവനക്കാരനാണ് അങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്. വീട്ടില്‍ ആര് വന്നാലും സമ്മാനങ്ങള്‍ കൊടുത്തുവിടുന്നത് മോണ്‍സന്റെ പതിവായിരുന്നു. എസിപി ലാല്‍ജിക്ക് മൂന്ന് ലക്ഷം രൂപ നല്‍കിയതിന് താന്‍ സാക്ഷിയാണെന്നും അജിത്ത് പറഞ്ഞു. 

കള്ളക്കേസ് ഉണ്ടാക്കി കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് അജിത്ത് നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന നടന്‍ ബാലയുടെ ശബ്ദരേഖയും നേരത്ത പുറത്തുവന്നിരുന്നു.