മോൻസൺ മാവുങ്കൽ, അനിത പുല്ലയിൽ |ഫോട്ടോ: facebook.com|anitha.pullayil
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോണ്‍സന്‍ മാവുങ്കലിന് പോലീസ് ഉന്നതന്‍മാരെ പരിചയപ്പെടുത്തി കൊടുത്തത് താനാണെന്ന ആരോപണം നിഷേധിച്ച് പ്രവാസിയും ലോക കേരളസഭാ അംഗവുമായ അനിത പുല്ലയില്‍. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹറക്ക് താന്‍ ഒരു പരാതിയും നല്‍കിയിട്ടില്ല. തനിക്കെതിരെ മോണ്‍സന്‍ രണ്ടു സ്ത്രീകളെ കൊണ്ട് അപകീര്‍ത്തി കേസ് കൊടുപ്പിക്കാന്‍ ശ്രമിച്ചുവെന്നും അനിത പറഞ്ഞു. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈംടൈമില്‍ സംസാരിക്കുകയായിരുന്നു അവര്‍.
'പ്രവാസി മലയാളി ഫെഡറേഷന്റെ കോര്‍ഡിനേറ്റാറാണ് താന്‍. ലോക കേരള സഭയിലെ അംഗം കൂടിയാണ്. രണ്ടു വര്‍ഷം മുമ്പ് എന്റെ പിതാവ് മരിച്ചപ്പോഴാണ് മോണ്‍സന്‍ ആദ്യമായി എന്റെ വീട്ടിലേക്കെത്തുന്നത്. ആ ഘട്ടത്തിലാണ് അയാളുമായി പരിചയത്തിലാകുന്നത്. ഇറ്റലിയില്‍ മാത്രമല്ല സംഘടനയിലെ സ്ത്രീ വിഭാഗത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലക്ക് വിവിധ രാജ്യങ്ങളിലുള്ളവരുമായും സര്‍ക്കാര്‍ പ്രതിനിധികളുമായും അവർ ഇവിടെ വരുമ്പോള്‍ ഞാന്‍ ബന്ധപ്പെടാറുണ്ട്. അങ്ങനെയാണ് പോലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടാകുന്നത്.
ഇങ്ങനെയിരിക്കുമ്പോള്‍ മോണ്‍സന്റെ വീട്ടിലേക്ക് ക്ഷണമുണ്ടായി. നിരവധി ആളുകള്‍ അന്നവിടെ ഉണ്ടായിരുന്നു. ഒരു കള്ളത്തരവും അന്നൊന്നും ഞങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥരുമായി ഞാന്‍ മോണ്‍സനെ പരിചയപ്പെടുത്തി നല്‍കിയിട്ടില്ല. ഒപ്പം ഫോട്ടോയെടുത്ത് അത് തട്ടിപ്പിനായി ഉപയോഗിക്കുന്നത് ഇയാളുടെ പതിവാണ്', അനിത പറഞ്ഞു.
തന്നോട് നിരവധി പേർ മോണ്‍സനെ കുറിച്ച് പരാതി പറഞ്ഞതോടെയാണ് ഇയാളുടെ തട്ടിപ്പ് വിവരം താന്‍ അറിയുന്നതെന്നും അനിത വ്യക്തമാക്കി. അനിതയാണ് മോണ്‍സനെ പോലീസ് ഉന്നതരുമായി പരിചയപ്പെടുത്തിയതെന്നും അനിതയുമായി ഇയാള്‍ തെറ്റിയതോടെ പോലീസ് ഉന്നതരും കൈവിട്ടെന്നുമായിരുന്നു ചില റിപ്പോർട്ടുകള്‍. ഇറ്റലിയിലാണ് നിലവില്‍ അനിതയുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..