അത് യൂദാസിന്റെ വെള്ളിക്കാശല്ല, റോമന്‍ നാണയം; പതിനായിരം നാണയങ്ങള്‍ കിട്ടിയത് ലക്ഷദ്വീപില്‍നിന്ന്


അഫീഫ് മുസ്തഫ

2 min read
Read later
Print
Share

Screengrab: Youtube.com|Geethamma&Sarathkrishnan Stories and File Photo

കോഴിക്കോട്: യേശുവിനെ ഒറ്റുകൊടുക്കാന്‍ യൂദാസിന് ലഭിച്ച വെള്ളിക്കാശില്‍ രണ്ടെണ്ണം എന്ന പേരില്‍ മോണ്‍സന്‍ പ്രദര്‍ശിപ്പിച്ചത് റോമന്‍ കാലത്തെ വെള്ളിനാണയങ്ങളാകാമെന്ന് ചരിത്ര ഗവേഷകനായ ഡോ. എം.ജി. ശശിഭൂഷണ്‍. പുറത്തുവന്ന ചിത്രങ്ങള്‍ പ്രകാരം അത് റോമന്‍ നാണയങ്ങളാണെന്നും ഇത് പലരുടെയും കൈവശമുണ്ടെന്നും യൂദാസിന്റെ വെള്ളിക്കാശാണെന്ന് പറയുന്നത് കള്ളത്തരമാണെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

റോമന്‍ വെള്ളിനാണയവും സ്വര്‍ണനാണയവുമുണ്ട്. പുറത്തുവന്ന ഫോട്ടോകളിലുള്ളത് റോമന്‍ വെള്ളിനാണയമാണെന്നാണ് കരുതുന്നത്. അത് വ്യാജമാണെന്ന് തോന്നുന്നില്ല. അത് തേഞ്ഞിരുന്നു. വ്യാജമാണെങ്കില്‍ ഇത്രയും തേയില്ല. എന്നാല്‍ അത് യൂദാസിന്റെ വെള്ളിക്കാശാണെന്ന് പറയുന്നത് കള്ളമാണെന്നും എം.ജി. ശശിഭൂഷണ്‍ പറഞ്ഞു.

''യേശു ജീവിച്ചിരുന്നത് ക്ലോഡിയസ് സീസറിന്റെ കാലത്താണ്. ക്ലോഡിയസ് സീസറിന്റെ കാലത്തെ നാണയങ്ങള്‍ കേരളത്തിലെ സ്വകാര്യ പുരാവസ്തുശേഖരക്കാരുടെ കൈയില്‍ ഇഷ്ടംപോലെയുണ്ട്. 1945-ല്‍ ലക്ഷദ്വീപിലെ കടമത്ത് ദ്വീപില്‍നിന്ന് പതിനായിരം നാണയങ്ങള്‍ കിട്ടിയിരുന്നു. അതില്‍ കുറച്ച് നാണയങ്ങള്‍ മദ്രാസ് മ്യൂസിയത്തിലേക്ക് പോയി. എല്ലാ നാണയങ്ങളും മ്യൂസിയത്തില്‍ എത്തണമെന്നില്ലല്ലോ, അത് പലയിടത്തായും പ്രചരിക്കുന്നുണ്ട്.

1987-ന് ശേഷം നെടുങ്കണ്ടത്തുനിന്ന് റോമന്‍ നാണയങ്ങള്‍ കിട്ടിയിരുന്നു. അതില്‍ 50 എണ്ണം മാത്രമേ പുരാവസ്തു വകുപ്പിന്റെ കൈവശം വന്നിട്ടുള്ളൂ. നെടുങ്കണ്ടം പഴയ വ്യാപാരപാതയായിരുന്നു. അങ്ങനെയാകും ആ നാണയങ്ങള്‍ അവിടെവന്നത്. അതില്‍ പലതും ആളുകളുടെ കൈയിലെത്തിയിട്ടുണ്ട്. 1949-ല്‍ തൃശ്ശൂര്‍ ജില്ലയിലെ എയ്യാല്‍ എന്ന സ്ഥലത്തുനിന്ന് റോമന്‍ വെള്ളിനാണയങ്ങള്‍ കിട്ടിയിരുന്നു.
അതെല്ലാം നാട്ടില്‍ പലയിടത്തായി പ്രചരിക്കുന്നുണ്ട്. ഇതോടൊപ്പം റോമന്‍ സ്വര്‍ണനാണയങ്ങളും പലരുടെയും കൈയിലുണ്ട്. 1983-ല്‍ എറണാകുളത്തെ വള്ളുവള്ളി എന്ന സ്ഥലത്ത് ഇതുപോലെ നാണയങ്ങള്‍ ലഭിച്ചിരുന്നു. ആ നാണയങ്ങള്‍ സര്‍ക്കാരിന് വേണ്ടി പരിശോധിക്കാന്‍ പോയിരുന്നു.''- ശശിഭൂഷണ്‍ വിശദീകരിച്ചു.

വേണം ലൈസന്‍സ്, അധികൃതര്‍ക്ക് അറിയില്ല...

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന പുരാവസ്തു വകുപ്പും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുരാവസ്തുക്കള്‍ വില്‍ക്കണമെങ്കില്‍ ലൈസന്‍സ് വേണം. മോണ്‍സന് ഈ ലൈസന്‍സില്ലെന്ന് വേണം കരുതാന്‍. അപ്പോള്‍തന്നെ അയാള്‍ക്കെതിരേ നടപടിയെടുക്കാം. പോലീസ് വകുപ്പിന് ഇതുസംബന്ധിച്ച അടിസ്ഥാനകാര്യങ്ങള്‍ പോലും അറിയില്ലെന്ന് വേണം കരുതാന്‍. അവരെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ, അവര്‍ക്ക് കാര്യങ്ങളറിയില്ല.

ഇന്ത്യന്‍ ആന്റിക്വറ്റീസ് ആക്ട് നിലവിലുണ്ട്. വ്യാജമായുള്ള വസ്തു കാണിച്ച് പുരാവസ്തുവാണെന്ന് അവകാശവാദമുന്നയിച്ചാല്‍ ഈ നിയമപ്രകാരം തെറ്റാണ്. ഇന്ത്യയുടെ പൈതൃകത്തെ വികലമാക്കുന്ന നടപടിയായാണ് അതിനെ കാണുന്നത്. നാട്ടിലെ അധികൃതര്‍ക്ക് ഇതേക്കുറിച്ചൊന്നും അറിയില്ല. അവരുടെ അജ്ഞതയാണ് ശരിക്കും അത്ഭുതപ്പെടുത്തുന്നത്. എന്തെങ്കിലും അറിയില്ലെങ്കില്‍ അറിയാവുന്നവരോട് ചോദിച്ചാല്‍പ്പോരെ- അദ്ദേഹം ചോദിക്കുന്നു.

കച്ചവടത്തിലും കള്ളത്തരമുണ്ട്

കേരളത്തിലെ പുരാവസ്തു വില്‍പ്പനക്കാരില്‍ കുറച്ച് കള്ളത്തരമൊക്കെ കാണിക്കുന്നവരുണ്ട്. എന്നാല്‍ പഴയകാലത്തെ കച്ചവടക്കാര്‍ കള്ളത്തരം ചെയ്യില്ല. കാരണം കള്ളം പറയുന്നവര്‍ക്ക് ഈ ബിസിനസ് തുടര്‍ന്നുകൊണ്ടുപോകാനാകില്ല. പെട്ടെന്ന് നിര്‍ത്തിപോകേണ്ടിവരും.

പുരാവസ്തുക്കള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രതിനിധികളും സംസ്ഥാന പുരാവസ്തു വകുപ്പും ചേര്‍ന്നുള്ള ഒരു കമ്മിറ്റിയാണ് പുരാവസ്തുക്കള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. നാണയങ്ങളൊന്നും ഇപ്പോള്‍ അങ്ങനെ പരിഗണിക്കാറില്ലെന്നാണ് വിവരം. വിഗ്രഹം പോലെയുള്ള വസ്തുക്കള്‍ ഉണ്ടെങ്കില്‍ ആദ്യം 5 ഫോട്ടോകള്‍ പകര്‍ത്തി അപേക്ഷ സമര്‍പ്പിക്കണം. കമ്മിറ്റി അത് പരിഗണിച്ച് പിന്നീട് നേരിട്ട് ഹാജരാക്കാന്‍ പറയും. ഈ പരിശോധനയിലൂടെയാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതെന്നും എം.ജി. ശശിഭൂഷണ്‍ വ്യക്തമാക്കി.

Content Highlights: monson mavunkal case historian mg shashibhooshan says about roman coins


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pr aravindakshan

1 min

ടാക്‌സി ഡ്രൈവറില്‍നിന്ന് രാഷ്ട്രീയത്തിലേക്ക്: അരവിന്ദാക്ഷനെ കുടുക്കിയത് അക്കൗണ്ടിലെത്തിയ കോടികള്‍

Sep 27, 2023


cpm

1 min

സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന ഇടതുപക്ഷത്തെ കേന്ദ്രം ദുർബലപ്പെടുത്തുന്നു- സിപിഎം

Sep 26, 2023


pr aravindakshan mv govindan

1 min

അറസ്റ്റ് ഇ.ഡി മർദിച്ചത് പുറത്തുപറഞ്ഞതിനെന്ന് അരവിന്ദാക്ഷൻ; പാർട്ടി അരവിന്ദാക്ഷനൊപ്പമെന്ന് ഗോവിന്ദൻ

Sep 26, 2023


Most Commented