കൊച്ചി: മോന്‍സണ്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. മോന്‍സണിന്റെ ഡ്രൈവര്‍ അജിത്തിന്റെ ഹര്‍ജി തീര്‍പ്പാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കോടതി ചിലവ് ചുമത്തേണ്ട കേസാണെങ്കിലും അത് ചെയ്യുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. സര്‍ക്കാര്‍ സത്യവാങ്മൂലത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. 

മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ ഇ.വി അജിത്ത് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഹൈക്കാേടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതില്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞുവെന്നും ഈ ഹര്‍ജിയില്‍ പരിധി വിട്ടുള്ള ഇടപെടലുകളാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉള്ളതെന്നുമാണ് സര്‍ക്കാരിന്റെ ആക്ഷേപം. പോലീസ് സംരക്ഷണ ഹര്‍ജിയില്‍ ഇതിനപ്പുറത്തേക്ക് പോകാന്‍ കോടതിക്ക് കഴിയില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഇതിനെതിരെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രംഗത്തെത്തിയത്. എന്തടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു ഹര്‍ജി ഫയല്‍ ചെയ്തതെന്ന് കോടതി ചോദിച്ചു. കോടതിയെ സര്‍ക്കാര്‍ കളിയാക്കാന്‍ ശ്രമിക്കുകയാണ്. കോടതി എന്ത് തീരുമാനമെടുക്കണമെന്ന് പോലീസ് തീരുമാനിക്കുകയാണ്. ഇത് കോടതിയുടെ അധികാരത്തിന് മുന്നിലുള്ള കടന്നുകയറ്റമാണെന്നും ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

സത്യവാങ്മൂലത്തിലെ സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ട് കോടതി ഇടക്കാല ഉത്തരവിറക്കി. ഇതോടെ കേസില്‍ അപ്പീല്‍ പോകുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഇതിനിടെ ചേര്‍ത്തല മുന്‍ സി.ഐ പി. ശ്രീകുമാറിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. മോന്‍സണുമായി ബന്ധമുള്ള ശ്രീകുമാറിനെതിരെ നടപടി വേണമെന്ന് ഇ.വി അജിത്ത് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹര്‍ജി പരിഗണിക്കുന്നതിന്റെ തൊട്ട് മുന്‍പായി സര്‍ക്കാര്‍ പി. ശ്രീകുമാറിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

Content Highlights: Monson Mavunkal case