തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മോൻസന്റെ വീട്ടിൽ ബീറ്റ് ബോക്സ് വെച്ചതിലും മ്യൂസിയം സന്ദർശിച്ചതിലുമാണ് ബെഹ്റയോട് വിശദീകരണം തേടിയത്. മോൻസണുമായി അടുപ്പമുള്ള ട്രാഫിക് ഐ ജി ലക്ഷ്മണയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

മോൻസൺ കേസുമായി ബന്ധപ്പെട്ട് നാളെ ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് സമർപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയിൽ നിന്ന് വിശദീകരണം തേടിയത്.

ഏത് സാഹചര്യത്തിലാണ് മോൻസൺ മാവുങ്കലിന് സംരക്ഷണം ലഭിച്ചത് എന്ന കാര്യത്തിൽ ഉത്തരം വേണം എന്നായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോക്നാഥ് ബെഹ്റയെ ചോദ്യം ചെയ്തത്. ലോക്നാഥ് ബെഹ്റ മോൻസൺ മാവുങ്കലിന്റെ കലൂരിലെ മ്യൂസിയം സന്ദർശിച്ചതിന് ശേഷമാണ് വീടിന് മുമ്പിൽ പോലീസിന്റെ പട്ടാ ബുക്ക് സ്ഥാപിക്കുന്നത്. ഇത് വൻ വിവാദത്തിന് വഴി വെച്ചിരുന്നു. പോലീസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോൻസന്റെ കലൂരിലെ വാടക വീട്ടിലും ചേർത്തലയിലെ കുടുംബ വീട്ടിലും പോലീസിന്റെ ബീറ്റ് ബോക്സ് സ്ഥാപിച്ചത് എന്നതിന്റെ രേഖകൾ പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് ബെഹ്റയുടെ മൊഴിയെടുത്തത്.

ഐജി ഗോകുലത്ത് ലക്ഷ്മണനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. എറണാകുളത്ത് നിന്നുള്ള ക്രൈംബ്രാഞ്ച് എസ് പി തിരുവനന്തപുരത്ത് എത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

ഐജിയ്ക്ക് മോന്‍സണുമായി വലിയ അടുപ്പമുണ്ട് എന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇത് വ്യക്തമാക്കുന്ന രേഖകളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐജിയെ ചോദ്യം ചെയ്തത് എന്നാണ് വിവരം.

content highlights: Monson mavunkal case - Crime branch take statement from loknath behera