Monson Mavunkal
പുരാവസ്തുവായി അവകാശപ്പെടുന്ന
രാജസിംഹാസനത്തില്‍ മോന്‍സണ്‍ മാവുങ്കല്‍

പോയ കാലത്തിന്റെ അടയാളം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നവരാണു മലയാളികള്‍. ലോകത്തിനു മുന്നില്‍ ഭൂതകാലത്തിന്റെ അസാധാരണമായ ഒരംശമെങ്കിലും പ്രദര്‍ശിപ്പിക്കാനായാല്‍ അതില്‍ ആത്മരതി അടയുന്നവര്‍. സ്വാഭാവികമായും നഷ്ടപ്പെട്ടു പോയ ഒരു കാലത്തിന്റെ പൊങ്ങച്ചം തിരിച്ചു പിടിക്കാനായി ഏതറ്റം വരെയും പോവാന്‍ നമ്മള്‍ തയ്യാറാണെന്ന് മോണ്‍സണ്‍ മാവുങ്കല്‍ കാണിച്ചു തരുന്നു.

സാക്ഷരതയില്‍ മുന്നില്‍. ഏത് കേസിനും തുമ്പുണ്ടാക്കാനും തെളിയിക്കാനും കഴിവുള്ള പോലീസ് സേന. രാഷ്ട്രീയജാഗ്രതയില്‍ സമര്‍ഥര്‍. ബുദ്ധിമാന്മാര്‍ എന്നഹങ്കരിക്കുന്ന അതേ മലയാളി തന്നെയാവും ലോകത്ത് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടത്തുന്നതും തട്ടിപ്പില്‍ പെടുന്നതും. പിടിക്കപ്പെടുമ്പോള്‍ ആഘോഷത്തിന്റെ ഉന്മാദവും ആസ്വദിക്കുന്നവര്‍. 

വിദ്യാഭ്യാസം കൂടിയതിന്റെ കുഴപ്പമാണോ അതോ ലോകപരിചയം കൂടിയതിന്റെയോ. ആര്‍ക്കും എപ്പോഴും പറ്റിക്കാവുന്നവരായി മലയാളി മാറുകയാണോ. ഓഫര്‍ എന്ന ബോര്‍ഡ് തൂക്കിയാല്‍ കടയില്‍ ഇടിച്ചുകയറും. ഗുണമേന്മ നോട്ടമില്ല. ഓഫറാണ് മുഖ്യം. സാങ്കല്‍പിക ലോകത്ത് ഉല്ലസിക്കുന്ന മലയാളിയുടെ അടയാളങ്ങളാവാം ഇത്. അമൂല്യനിധി എന്ന് കേട്ടാല്‍ വാങ്ങാന്‍ ക്യൂവിലാണ്. 

റൈസ് പുള്ളറാണെങ്കില്‍ പവറില്‍ വിശ്വാസമാണ്. നാഗമാണിക്യം എന്ന് കേട്ടാല്‍ ചാടിപ്പുറപ്പെടും. മണി ചെയിനില്‍ കയറിപ്പറ്റിയില്ലെങ്കില്‍ ഉറക്കമില്ല. ചിട്ടിത്തട്ടിപ്പിനാകട്ടെ ഒഴിവില്ല. അപരിചിതന്‍ വിളിച്ചാല്‍ പരിചയക്കാരെക്കാള്‍ കൂടുതല്‍ സംസാരിക്കും. ചോദിച്ചാല്‍ ഒരു മടിയുമില്ലാതെ പിന്‍ നമ്പര്‍ മാത്രമല്ല, ഗൂഗിള്‍ പേ തന്നെ ചെയ്തുകൊടുക്കും. ഒരു ലക്ഷം സമ്മാനം അടിച്ചെന്ന് ഫോണ്‍ വന്നാല്‍ കൈപ്പറ്റാനുള്ള ഫീസായി വേണേല്‍ ഒരുലക്ഷം അങ്ങോട്ടും അയക്കും. ഊന്നു വടി കാട്ടി മോശയുടെ വടിയാണെന്ന് പറഞ്ഞാല്‍ പറഞ്ഞ വിലയ്ക്ക് വാങ്ങും. കൃഷ്ണന്റെ ഉറി കണ്ട് വിസ്മയിക്കും. മയില്‍പ്പീലിത്തുണ്ട് പുസ്തകത്താളില്‍ വച്ചാല്‍ അത് പെറ്റു പെരുകുമെന്ന നിലവാരത്തില്‍നിന്ന് ഒരിഞ്ച് മുന്നേറിയിട്ടില്ല.

പൊളിവചനവും തരികിട നമ്പറുകളുമായി ഒരാള്‍ പറ്റിക്കാനിറങ്ങി പുറപ്പെട്ടപ്പോള്‍ അമ്പ് കൊള്ളാത്ത വി.ഐ.പികളില്ല എന്ന നിലയിലാണ് കാര്യങ്ങള്‍. കുറേ ആക്രിസാധനങ്ങള്‍ വാങ്ങി ചരിത്രവും വിശ്വാസവും മേമ്പൊടി ചേര്‍ത്ത് തിരക്കഥ മെനഞ്ഞ് വിരാജിച്ചപ്പോള്‍ സൗഹൃദവും ആതിഥ്യവും പറ്റാന്‍ പൗരപ്രമുഖര്‍ മത്സരിച്ചു. കോസ്മറ്റിക് ചികിത്സ തേടിയ രാഷ്ട്രീയ നേതാക്കളും ഗേറ്റ് കടന്നെത്തി. 

കബളിക്കപ്പെട്ടവന്റെ പൈസ വാങ്ങിയെടുക്കാന്‍ മധ്യസ്ഥം പറയാന്‍ വന്നവന്റെ കാശും അടിച്ചുമാറ്റി എന്ന് കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍വെക്കാനേ കഴിയൂ. എന്താണ് പുരാവസ്തുവും ആക്രിയും തമ്മിലുള്ള വ്യത്യാസം എന്ന് തിരിച്ചറിയാനുള്ള, അല്ലെങ്കില്‍ അതിന് ശ്രമിക്കാത്ത മലയാളിയുടെ മണ്ടത്തരമാണ് മോണ്‍സണ്‍ മാവുങ്കലിന്റെ വളര്‍ച്ച. 

പറ്റിച്ചവനാണോ പറ്റിക്കപ്പെടാന്‍ നിന്നുകൊടുത്തവനാണോ ശിക്ഷ വേണ്ടതെന്നും ആലോചിക്കേണ്ടതാണ്. പുരാവസ്തുവിന്റെ(വ്യാജ) ബ്രാന്‍ഡ് അംബാസഡറായി മാവുങ്കല്‍ വിലസിയെങ്കില്‍ അത് പുകമറയാകാം. അതിന്റെ പിന്നാമ്പുറത്ത് അതിലും വലിയ തട്ടിപ്പും അതിനപ്പുറമുള്ള ഇടപാടുകളും നടന്നിട്ടുണ്ടാവാം. മോതിരവും മാലയും ശില്‍പവും പേനയും ഊന്നുവടിയും എന്നുവേണ്ട മാവുങ്കന്റെ സമ്മാനം വാങ്ങിയവര്‍ എത്രയുണ്ടാവും. സൗജന്യമായിട്ടും അല്ലാതെയും. 

ആദ്യം സ്‌നേഹസമ്മാനമായിരുന്നെങ്കില്‍ പിന്നീട് എത്ര ആക്രി സാധനങ്ങള്‍ പണം മുടക്കി വാങ്ങി വീട്ടില്‍ കാഴ്ചവസ്തുവാക്കി വെച്ചവരുണ്ടാവാം. ഇതും കടന്ന് വിദേശത്തേക്ക് പോലും ഇത് കയറ്റിയക്കുന്ന ചങ്ങലയുണ്ടോ? അതിന് വി.ഐ.പികളില്‍ എത്ര പേര്‍ പങ്കാളികളാണ്? അതും കൂടി അറിഞ്ഞാലേ മാവുങ്കല്‍ പറ്റിച്ച കഥയാണോ മാവുങ്കലിനെ വെച്ച് കളിച്ചവരും അയാളെയും പറ്റിച്ചവരുമുണ്ടോ എന്ന് അറിയാന്‍ കഴിയൂ 

മോണ്‍സന്‍സ് ഹൗസില്‍ വി.ഐ.പികള്‍ക്കൊപ്പം ഒരു ചിത്രം, ഒരു സമ്മാനം ഫ്രീ. ഇതായിരിക്കാം എന്‍ട്രി ലെവല്‍ ഓഫര്‍. പലരും മത്സരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു. തോളിലെ നക്ഷത്രത്തെക്കാളുള്ള അധികാരമാണ് ടിപ്പുവിന്റെയും മഹരാജാവിന്റെ ഇരിപ്പിടത്തില്‍ ഇരുന്നപ്പോള്‍ ചില ഏമാന്മാര്‍ക്ക് തോന്നിയത്. 

monson mavunkal
മോന്‍സണ്‍ മാവുങ്കല്‍ താമസിച്ചിരുന്ന എറണാകുളം കലൂരിലെ വീട്: ഫോട്ടോ: ബി.മുരളീകൃഷ്ണന്‍, മാതൃഭൂമി

ഫെമ കേസിന്റെ പേരിലും വായ്പ സംഘടിപ്പിച്ച് തരാമെന്ന വാഗ്ദാനത്തിലും പറ്റിച്ചവരുടെ പട്ടികയെ ഇതുവരെ പുറത്തുവന്നിട്ടുള്ളൂ. ആക്രി സാധനം വന്‍ വില നല്‍കി വാങ്ങി വീട്ടില്‍വച്ച് പൊങ്ങച്ചം കാട്ടി അക്കിടി പറ്റിയവര്‍ എത്ര ഉണ്ടാവും. മാനക്കേട് ഭയന്ന് അവര്‍ ആരും പുറത്തുപറയാന്‍ തരമില്ല. അവര്‍ക്ക് പുച്ഛവും നാണക്കേട് മാത്രമാകും മിച്ചം. 

പുരാവസ്തുവിന്റെ ഗണത്തില്‍ വരണമെങ്കില്‍ എത്ര പഴക്കമുണ്ടാവണമെന്നും താളിയോലകള്‍ ഒര്‍ജിനലോ ഡൂപ്ലിക്കേറ്റോ എന്ന് പോലും നോക്കതെ വിശ്വാസത്തിന്റെ സര്‍വ്വജ്ഞപീഠം കയറിയവരൊക്കെ എന്തായി. ആരായി. പ്രത്യേകിച്ച് ഒരു ആസ്തിയുമില്ലാത്ത ഒരാള്‍ കോടികള്‍ മറിച്ചും തിരിച്ചും തട്ടിച്ചിട്ട് സോഴ്‌സ് അന്വേഷിക്കാന്‍ ഒരു ഇ.ഡിക്കും ശുഷ്‌കാന്തി ഉണ്ടായില്ല. തട്ടിപ്പുകാരന്റെ വീട്ടില്‍ ബീറ്റ്‌ബോക്‌സ് സ്ഥാപിച്ച ആദ്യത്തെ പോലീസ് സേനയും കേരളത്തിന്റെയാവും.

സരിതയും ബിജും രാധാകൃഷ്ണനും ലക്ഷ്മി നായരും ഡോ ബി.ആര്‍. നായരുമായി നാടുനീളെ തട്ടിപ്പ് നടത്തി. അവരെ ചൂഷണം ചെയ്യാന്‍ രാഷ്ട്രീയക്കാരും മത്സരിച്ചു. ആ കഥകള്‍ ഉണ്ടാക്കിയ പ്രകമ്പനം പല വന്മരങ്ങളുടെ അടിവേരിളക്കുന്ന തലത്തിലെത്തി. സ്വര്‍ണക്കടത്തിലേക്ക് വന്നപ്പോള്‍ സ്വപ്നയായി താരം. വ്യാജ ഡിഗ്രിയും ഉയര്‍ന്ന പദവിയില്‍ ജോലിയും അധികാരത്തിന്റെ ഇടനാഴിയില്‍ സ്വാധീനം ഉറപ്പിക്കാനും സര്‍ക്കാര്‍ സംവിധാനത്തെ മറയാക്കി സ്വര്‍ണം കടത്താനും കഴിഞ്ഞു. 

അതെല്ലാം വെറും കുട്ടിക്കളിയാണെന്നു വ്യക്തമാക്കുന്നതാണ് മോണ്‍സണ്‍ മാവുങ്കല്‍ എന്ന സ്വയം പ്രഖ്യാപിത തട്ടിപ്പുരാജാവിന്റെ കഥ. തിരുവനന്തപുരത്ത് തട്ടിപ്പ് നടത്തിയ 'പുരാവസ്തു' കച്ചവടക്കാരനെ പറ്റിച്ചും അല്ലാതെയുമായി കുറേ സാധനങ്ങള്‍ വാങ്ങിക്കൂട്ടി. അതില്‍നിന്ന് തുടങ്ങിയ തട്ടിപ്പ് പരമ്പരകള്‍. 

മെനഞ്ഞെടുത്ത കഥ. കേട്ടും കണ്ടും അമ്പരന്ന് പോയവര്‍. ഔന്നത്യം മാതൃകയാക്കണമെന്ന് പറഞ്ഞ് വീഡിയോ കണ്ട് മോൺസനാകാനെങ്കിലും കഴിഞ്ഞെങ്കില്‍ എന്ന് ആശിച്ചവര്‍. ആക്രിയില്‍ മെനഞ്ഞെടുത്ത കെട്ടുകാഴ്ചയുടെ അണിയറക്കഥകളാണ് വരുന്നത്. സത്യത്തില്‍ കോടികളുടെ പുരാവസ്തുക്കള്‍ ആക്രിയാണെന്ന് അറിഞ്ഞത് കുറേ നേരത്തെയായിപ്പോയി. അല്ലെങ്കില്‍ പദ്മശ്രീക്ക് ശുപാര്‍ശ ചെയ്യാമായിരുന്നു. തട്ടിക്കാനും തട്ടിക്കപ്പെടാനും മലയാളി ഇനിയും ബാല്യമുണ്ട്. ഇനിയും എത്രയെത്ര മോണ്‍സണ്‍മാര്‍ നമുക്കു മുന്നിലേക്കു വരാനുണ്ട്. ആര്‍ക്കറിയാം. താനൊരു നടന്‍ ആണെന്നാണ് മാവുങ്കന്‍ വെബ്‌സൈറ്റില്‍ പറയുന്നത്. വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ ജയറാം പറയുന്ന ഡയലോഗ് ഓര്‍ക്കുക. നല്ല നടന്‍ ആരാണ്‌..