മോൻസൺ മാവുങ്കൽ
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിനായി പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കല്‍ സുപ്രീം കോടതിയെ സമീപിച്ചു. വഞ്ചനാകേസുകളില്‍ ജാമ്യം ലഭിക്കുന്ന താന്‍ ജയിലില്‍നിന്ന് പുറത്ത് ഇറങ്ങാതിരിക്കാന്‍, ക്രൈം ബ്രാഞ്ച് തന്റെ മുന്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പീഡനപരാതികള്‍ നല്‍കുകയാണെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാരില്‍ ഉന്നത സ്വാധീനം ഉള്ള വി.ഐ.പി. വനിത കാരണമാണ് തനിക്ക് എതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതെന്നും മോന്‍സണ്‍ ആരോപിച്ചിട്ടുണ്ട്.
പോക്‌സോ കേസിലെ അതിജീവിതയുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കേസില്‍ ഇനി പെണ്‍കുട്ടിയുടെ സഹാദരന്റെയും സഹോദരന്റെ ഭാര്യയുടെയും വിസ്താരമാണ് പൂര്‍ത്തിയാകേണ്ടത്. ഇരുവരും വിദേശത്ത് ആയതിനാല്‍ വിസ്താരം നീണ്ടുപോകാനാണ് സാധ്യത. അതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് മോന്‍സണ്‍ മാവുങ്കല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
വഞ്ചനാകേസില്‍ ആദ്യം ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി പീഡനത്തെ കുറിച്ച് പറഞ്ഞിരുന്നില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കാലത്ത് ഇരയ്ക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നും ഹര്‍ജിയില്‍ അവകാശപ്പെട്ടിട്ടുണ്ട്. അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ ആണ് ജോണ്‍സണ്‍ മാവുങ്കലിന്റെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
മോന്‍സണ്‍ മാവുങ്കലിന് എതിരെ മൂന്ന് പീഡന കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഒരെണ്ണം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസാണ്. മൂന്ന് കേസിലും ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതില്‍ പോക്‌സോ കേസിലാണ് ഇപ്പോള്‍ ജാമ്യത്തിനായി മോന്‍സണ്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മറ്റ് കേസുകളിലും ഉടന്‍ തന്നെ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന.
Content Highlights: monson mavunkal approches supreme court for bail in pocso case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..