കൊച്ചി: മോന്‍സന്റെ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ മൊഴിയെടുത്തു. സംസ്ഥാന പോലീസ് മേധാവിയായി അനില്‍കാന്ത് ചുമതലയേറ്റശേഷം മോന്‍സണ്‍ മാവുങ്കല്‍ പോലീസ് ആസ്ഥാനത്തെത്തുകയും ഡി.ജി.പിയെ നേരിട്ടു കാണുകയും ചെയ്തിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കൊപ്പമാണ് മോന്‍സണ്‍ എത്തിയത്. 

ആറുപേരടങ്ങുന്ന സംഘമാണ് ഡി.ജി.പിയെ കണ്ടത്. പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ എന്ന നിലയ്ക്കാണ് ഇവര്‍ക്ക് കാണാന്‍ അനുമതി നല്‍കിയതെന്ന് ഡി.ജി.പി. അനില്‍കാന്തിന് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. കൂടിക്കാഴ്ച നടത്തി മടങ്ങുന്നതിന് മുന്‍പ് മോന്‍സണ്‍ ഒരു ഉപഹാരം അനില്‍കാന്തിന് നല്‍കി. ഇതിന്റെ ചിത്രം എടുക്കുമ്പോള്‍, ആറുപേരും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഈ ഫോട്ടോയില്‍നിന്ന് മറ്റ് പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികളുടെ ചിത്രം ക്രോപ് ചെയ്ത് മാറ്റി മോന്‍സണും ഡി.ജി.പിയും മാത്രമുള്ള ചിത്രമാക്കി മാറ്റി എന്നതാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ഉന്നത പോലീസ് ബന്ധമുള്ള മോന്‍സണ്‍, പോലീസ് ക്ലബ്ല് അടക്കം താമസത്തിന് ഉപയോഗിച്ചിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

content highlights: monson case: crime branch records dgp anil kant's statement