Representative Image | Photo: Gettyimages.in
കോട്ടയം: മങ്കി പോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ച രണ്ട് കോട്ടയം സ്വദേശികൾ നിരീക്ഷണത്തിൽ. നിലവിൽ മങ്കി പോക്സിന്റെ ലക്ഷണങ്ങളൊന്നും ഇവർക്ക് ഇല്ലെന്നാണ് വിവരം. 21 ദിവസത്തേക്ക് വീട്ടിൽ നിരീക്ഷണം നിർദേശിച്ചതായി കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മുൻകരുതൽ എന്ന നിലയിലാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്. ദ്രുതകര്‍മസേന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ വ്യക്തമാക്കി.
ഈ മാസം 12-ന് യു.എ.ഇ.യിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുപ്പത്തിയഞ്ചുകാരനെ ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ച സാംപിളിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് മങ്കി പോക്സ് സ്ഥിരീകരണം ലഭിച്ചത്.
ഇയാളുടെ അച്ഛൻ, അമ്മ, വിമാനത്താവളത്തിൽനിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയ ടാക്സിഡ്രൈവർ, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോറിക്ഷാഡ്രൈവർ, വിമാനത്തിൽ അടുത്തിരുന്ന് യാത്രചെയ്ത 11 പേർ എന്നിവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
അതേസമയം മങ്കിപോക്സ് കൈകാര്യം ചെയ്യുന്നതില്‍ കൊല്ലം ഡി.എം.ഒ. ഓഫീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആക്ഷേപമുയർന്നിരുന്നു. രോഗിയുടെ പേരില്‍ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പിലായിരുന്നു ഡി.എം.ഒ ഓഫീസിന് പിശക് പറ്റിയത്. സ്വകാര്യ ആശുപത്രിയില്‍ നിന്ന് കൊല്ലം, പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ രോഗിയെ പ്രവേശിപ്പിച്ചെന്നായിരുന്നു ഡി.എം.ഒ. ഓഫീസ് നല്കിയ വിവരം. എന്നാല്‍ രോഗി ചികിത്സയിലുള്ളത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
വ്യാഴാഴ്ച വൈകിട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വഴി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഡി.എം.ഒ. അറിയിച്ചത് രോഗം സ്ഥിരീകരിച്ച വ്യക്തി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കാണ് പോയതെന്നാണ്. അവിടെനിന്ന് സാമ്പിള്‍ ശേഖരിച്ച് വിമാനമാര്‍ഗം പുണെയിലെ ലാബിലേക്ക് അയച്ചെന്ന വിവരമാണ് ഡി.എം.ഒ. നല്‍കിയത്. പ്രാഥമികമായി വിവരം ശേഖരിക്കുന്ന കാര്യത്തിലും രോഗി എവിടെയെല്ലാം പോയി എന്ന് കണ്ടെത്തുന്നതിലും ഡി.എം.ഒ. ഓഫീസിന് വലിയ തോതിലുള്ള വീഴ്ച സംഭവിച്ചു എന്നാണ് വ്യക്തമാകുന്നത്.
സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളില്‍ നിന്നുള്ളവര്‍ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നതാണ്. ഇവര്‍ക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കോവിഡ് ഉള്‍പ്പെടെയുള്ള പരിശോധന നടത്തുന്നതാണ്. മങ്കിപോക്സിന്റെ ലക്ഷണങ്ങളുണ്ടെങ്കില്‍ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കും. മെഡിക്കല്‍ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..