പ്രതികളെ തെളിവെടുപ്പിനായി പത്തനംതിട്ടയിലെത്തിച്ചപ്പോൾ(ഫയൽ ഫോട്ടോ)
പത്തനംതിട്ട: രണ്ടായിരംകോടിയുടെ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും തുടങ്ങി. ഉടമകള്‍ക്ക് കള്ളപ്പണം ഇടപാടും ഉണ്ടെന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. ഈ തെളിവുകള്‍ എന്‍ഫോഴ്സ്മെന്റിന് കൈമാറി.
പിടിയിലായവരെ ഉടന്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യംചെയ്യും. പോലീസാണ് നിലവില്‍ കേസന്വേഷിക്കുന്നത്. ഇ.ഡി.യുടെ അന്വേഷണവും സമാന്തരമായി നടക്കും.
പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപത്തുക ഉപയോഗിച്ച് വിദേശരാജ്യങ്ങളിലടക്കം ഇടപാടുകള്‍ നടത്തിയ സാഹചര്യത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നത്. കള്ളപ്പണ ഇടപാട്, പണത്തിന്റെ വരവ്, ഇത് ആര് കൈമാറി, പണത്തിന്റെ വിനിയോഗം എന്നിവയാണ് ഇ.ഡി. പരിേശാധിക്കുന്നത്.
രാജ്യത്ത് 21 ഇടങ്ങളിലാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് വസ്തുവകകളുള്ളത്. തമിഴ്നാട്ടില്‍ മൂന്നിടത്തായി 48ഏക്കര്‍ സ്ഥലം, ആന്ധ്ര പ്രദേശില്‍ 22ഏക്കര്‍, തിരുവനന്തുപുരത്ത് മൂന്ന് വില്ലകള്‍, കൊച്ചിയിലും തൃശ്ശൂരിലും ആഡംബര ഫ്ലാറ്റുകള്‍, വകയാറിന് പുറമേ, പുണെ, തിരുവനന്തപുരം, പൂയപ്പള്ളി എന്നിവിടങ്ങളില്‍ ഓഫീസ് കെട്ടിടം എന്നിവയുണ്ട്. 125കോടിയോളം രൂപയുടെ ആസ്തി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് പൂര്‍ത്തിയാകും. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കുന്ന പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..