അവിശ്വാസ പ്രമേയത്തിനായി പ്രതിപക്ഷ കൗൺസിലർമാർ| ടി കെ പ്രദീപ്കുമാർ
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പനെതിരായ അവിശ്വാസ പ്രമേയ ചർച്ച അല്പസമയത്തിനകം ആരംഭിക്കും. ചർച്ചയിൽനിന്ന് വിട്ടുനിൽക്കാനാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ്. കൗൺസിലർമാർക്ക് ലഭിച്ച നിർദേശം.
16 കൗൺസിലർമാർ വിപ്പ് സ്വീകരിച്ച് അവിശ്വാസ പ്രമേയം ബഹിഷ്കരിച്ചു. കഴിഞ്ഞദിവസം ഇടഞ്ഞ ലീഗ് കൗൺസിലർമാരും ലീഗ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് അവിശ്വാസത്തിൽ നിന്ന് വിട്ട് നിൽക്കും. കൂടാതെ നാല് കോൺഗ്രസ് വിമത കൗൺസിലർമാർ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. യോഗത്തിന് ആവശ്യമായ ക്വാറം തികയ്ക്കാൻ പ്രതിപക്ഷത്തിന് കഴിയില്ലെന്നും ഇതുവഴി പ്രമേയം ചർച്ചചെയ്യാതെ തള്ളാനാകുമെന്നുള്ള പ്രതീക്ഷയിലാണ് യു.ഡി.എഫ്.
അതേസമയം ഈ അവിശ്വാസ പ്രമേയം പരാജയപ്പെട്ടാൽ അടുത്ത ആറ് മാസത്തിനകം അടുത്ത അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് ഇടത് കൗൺസിലർമാർ വ്യക്തമാക്കുന്നത്. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന്റെ എല്ലാ കൗൺസിലർമാരേയും എത്തിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായ പതിനെട്ടാം വാർഡ് കൗൺസിലർ പി പി സുമ പി പി ഇ കിറ്റ് ധരിച്ചാണ് അവിശ്വാസ പ്രമേയത്തിന് എത്തിയത്.
കോൺഗ്രസ് എ ഗ്രൂപ്പിലെ നാല് കൗൺസിലർമാർ കോൺഗ്രസിനെതിരേ ശക്തമായി രംഗത്തു വന്നിരുന്നു. പണക്കിഴി വിവാദത്തിൽ ചെയർപേഴ്സണിനേതിരേ ശക്തമായ നിലപാട് എ ഗ്രൂപ്പ് അംഗങ്ങൾ എടുത്തിരുന്നു. എന്നാൽ ഇവരെ അനുനയിപ്പിച്ച് കൂടെ നിർത്തുകയായിരുന്നു.
ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ലാത്ത തൃക്കാക്കര നഗരസഭയിൽ കോൺഗ്രസ് വിമതരുടെ പിന്തുണയോടെയാണ് യു.ഡി.എഫ്. ഭരണത്തിലേറിയത്. 43 അംഗ സഭയിൽ യു.ഡി.എഫിന് 21, എൽ.ഡി.എഫിന് 17, കോൺഗ്രസ് വിമതർ അഞ്ച് എന്നതാണ് കക്ഷിനില.
Content Highlights:Money laundering controversy no confidence motion in Thrikkakara
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..