കൊച്ചി: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചു. 

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിനോടും പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സിനോടും അടുത്ത മാസം ഏഴാം തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് നേരത്തെ പ്രതി ചേര്‍ത്തിരുന്നു. ഈ കേസില്‍ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞ് കഴിഞ്ഞ നോട്ട് നിരോധന സമയത്ത് പത്തുകോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച പരാതി.

മുസ്ലീം ലീഗിന്റെ മുഖപത്രമായ 'ചന്ദ്രിക'യുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് 'ചന്ദ്രിക'യുടെ കോഴിക്കോട്ടെ ഓഫീസില്‍ ദിവസങ്ങള്‍ക്ക് മുമ്പ് വിജിലന്‍സ് റെയ്ഡും നടത്തിയിരുന്നു. 

അതേസമയം, പാര്‍ട്ടി മുഖപത്രത്തിന്റെ അക്കൗണ്ടിലൂടെ കൈമാറിയ പണം തന്റേതല്ലെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വിശദീകരണം. വാര്‍ഷിക പ്രചാരണ ക്യാമ്പയിന്‍ വഴി പാര്‍ട്ടി മുഖപത്രം കോടികള്‍ സമാഹരിക്കുന്നുണ്ടെന്നും ഇത്തരത്തില്‍ കിട്ടിയ പണമാണിതെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. 

Content Highlights: money laundering allegation, enforcement department booked case against ex minister ibrahimkunju