ന്യൂഡല്‍ഹി: മോമോ ഗെയിമിനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ്. വ്യാജ സന്ദേശങ്ങള്‍ വഴി ഭീതിപരത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേരള പോലീസ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു.

മോമോ ഗെയിമുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരു കേസു പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ചില സാമൂഹിക വിരുദ്ധര്‍ മറ്റുള്ളവരെ ഭയപ്പെടുത്തുന്നതിന് വ്യാജ നമ്പരുകളില്‍ നിന്നും മൊമോ എന്ന പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങള്‍ വിഴി മറ്റുള്ളവരെ ഭയപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Content Highlights: momo game, momo challenge, fake news