കൊച്ചി: അച്ഛന്റെയും അമ്മയുടെയും പേരില്‍ നടന് മോഹന്‍ലാല്‍ ആരംഭിച്ച വിശ്വശാന്തി ചാരിറ്റബിള്‍ ഫൗണ്ടേഷന് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സഹകരണത്തോടെ നടത്തുന്ന അമൃത - വിശ്വശാന്തി ഹെല്‍ത്ത്കെയര്‍ പദ്ധതിക്ക് തുടക്കമായി. അമൃത ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്റെ രക്ഷാധികാരി കൂടിയായ മോഹന്‍ലാല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
അമൃത - വിശ്വശാന്തി ഹെല്‍ത്ത് കെയര്‍ പദ്ധതി നിര്‍ധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയുടെ ചിലവ് പൂര്‍ണമായും ഏറ്റെടുക്കും. മോഹന്‍ലാലിന്റെ അമ്മയുടെ ജന്മദിനമായ ഓഗസ്റ്റ് അഞ്ച് മുതല്‍ വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനം കേരളത്തിന് പുറത്തേക്കുകൂടി വ്യാപിപ്പിക്കുകയാണ്. ആദ്യഘട്ടത്തില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, ജമ്മു കാശ്മീര്‍, ലക്ഷദീപ് തുടങ്ങിയ പ്രദേശങ്ങളിലാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. പദ്ധതിയുടെ കേരളത്തിന് പുറത്തുനിന്നുള്ള ആദ്യ ഗുണഭോക്താവായ ബിഹാറില്‍ നിന്നുള്ള അഞ്ച് വയസുകാരി സിമ്രന് പദ്ധതിയുടെ ഫിനാന്‍ഷ്യല്‍ കാര്‍ഡ് മോഹന്‍ലാല്‍ കൈമാറി.
സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വിശ്വശാന്തി ഫൗണ്ടേഷന് രൂപവത്കരിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. രണ്ട് കോടിയോളം രൂപയുടെ ധനസഹായം ഇതിനോടകം കേരളത്തില്‍ മാത്രം നല്കാന് കഴിഞ്ഞു. ഇപ്പോള്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സഹകരണത്തോടെ കേരളത്തിന് വെളിയിലേക്കും സഹായമെത്തിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സ്വാമി തുരീയാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. വിശ്വശാന്തി ചാരിറ്റബിള്‍ ഫൗണ്ടേഷന് മാനേജിങ് ഡയറക്ടര്‍ പി.ഇ.ബി. മേനോന്, ചെയര്മാന് ഡോ. വാസുദേവന്‍, ശാസ്ത്ര ശര്‍മ്മന്‍ നമ്പൂതിരിപ്പാട്, മേജര്‍ രവി, സുരേഷ് ഇടമണ്ണേല്‍, അമൃത മെഡിക്കല്‍ ഡയറക്ടര്‍ പ്രേം നായര്‍, അമൃത പീഡിയാട്രിക് കാര്‍ഡിയോളജി മെഡിസിന് വിഭാഗം തലവന്‍ ഡോ. ആര്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: Mohanlal inaugurates Amrita-ViswaSanthi Health Care Project