ആലുവ: മൊഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ ആരോപണവിധേയനായ ആലുവ ഈസ്റ്റ് സിഎ സുധീറിനെതിരേ വ്യാപക പ്രതിഷേധം. സുധീറിനെതിരായ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും യുഡിഎഫും സമരം ശക്തമാക്കി. മൊഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ള സിഐ ബുധനാഴ്ചയും സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയതിനെ തുടര്‍ന്ന് രാവിലെ മുതല്‍ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്റ്റേഷന് മുന്നില്‍ ആരംഭിച്ച കുത്തിയിരിപ്പ് സമരം ഉച്ചയായിട്ടും തുടരുകയാണ്. ബെന്നി ബെഹനാന്‍ എംപിയും സ്ഥലത്തെത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് എസ്പിയും ഡിഐജിയും പോലീസ് സ്‌റ്റേഷനിലെത്തി. സ്‌റ്റേഷനിലേക്ക് വരുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിഐജിയുടെ വാഹനം തടഞ്ഞു. വാഹനത്തിന്റെ ആന്റിന പ്രവര്‍ത്തകര്‍ ഒടിച്ചെടുത്തു. 

പ്രതിഷേധം കനത്തതോടെ നേതാക്കളുമായി പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി വരികയാണ്. പോലീസ് സ്റ്റേഷന്റെ മുറ്റത്തും പുറത്തുമായി കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രതിഷേധം നടക്കുന്നുണ്ട്. മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തുന്നുണ്ട്.

സിഐയില്‍ നിന്ന് നേരിട്ട് വിശദീകരണം തേടാനാണ് ഡിഐജി സ്‌റ്റേഷനിലെത്തിയതെന്നാണ് വിവരം. വിവരങ്ങള്‍ ആരാഞ്ഞ ശേഷം ഡിഐജി മാധ്യമങ്ങളെ കണ്ടേക്കും. സിഐ സുധീറിനെ സ്‌റ്റേഷന്‍ ചുമതകളില്‍ നിന്ന് മാറ്റിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം ഇന്ന് ഡ്യൂട്ടിക്കെത്തിയിരുന്നു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണ് പോലീസിന്റെ വാദം.