ആലുവ: നിയമ വിദ്യാര്‍ഥിനി മൊഫിയയുടെ പരാതിയില്‍ സ്റ്റേഷനിലെത്തിയ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിനൊപ്പം എത്തിയത് കോണ്‍ഗ്രസുകാര്‍. കളമശ്ശേരി നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് ഭാരവാഹികളാണ് ആലുവ പോലീസ് സ്റ്റേഷനില്‍ എത്തിയത്.

മുന്‍ പഞ്ചായത്തംഗവും ബ്ലോക്ക് ഭാരവാഹിയുമായ കോണ്‍ഗ്രസുകാരനും ബൂത്ത് പ്രസിഡന്റുമാണ് സുഹൈലിനു വേണ്ടി സംസാരിക്കാനെത്തിയത്. കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സുഹൈലിന്റെ ബന്ധുവാണ് ബൂത്ത് പ്രസിഡന്റ്.

സുഹൈലും കുടുംബവും പതിനഞ്ച് വര്‍ഷത്തോളം ആലുവ തോട്ടയ്ക്കാട്ടുകരയിലാണ് താമസിച്ചത്. മൊഫിയയുടെ മരണത്തിനു ശേഷം സ്റ്റേഷനിലെത്തിയ രാഷ്ട്രീയക്കാരെ തിരിച്ചറിയാന്‍ പോലീസ് ശ്രമം നടത്തിയിരുന്നു. ഇതിനായി സ്റ്റേഷനിലെ സി.സി. ടി.വി. ക്യാമറകളടക്കം പരിശോധിച്ചു. ഇതോടെയാണ് ഇവരെ തിരിച്ചറിഞ്ഞത്.

കുപ്രചാരണത്തിന്‌എതിരേ സി.പി.എം.
ആലുവ: കോൺഗ്രസുകാരാണ് പ്രതിക്കൊപ്പം എത്തിയതെന്ന വിവരം മറച്ചുവെച്ചാണ് സി.പി.എം. ഇടപെട്ടതായി കുപ്രചാരണം നടത്തുന്നതെന്ന് സി.പി.എം. ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ പറഞ്ഞു. നിലവിൽ സ്ത്രീ പീഡനക്കേസിലെ പ്രതികളും കോൺഗ്രസിനു വേണ്ടി സമര രംഗത്തുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.