ആലുവ : ആലുവ സി.ഐ.യിൽ നിന്ന് നീതി ലഭിക്കില്ലെന്ന മനോവിഷമം മരണത്തിന് കാരണമായെന്ന് കാണിച്ച് മൊഫിയ കേസിലെ പ്രഥമ വിവര റിപ്പോർട്ട്.

മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ പ്രഥമ വിവര റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. റിപ്പോർട്ടിലെ വിശദാംശങ്ങൾ: റൂറൽ എസ്.പി.ക്ക്‌ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ പോലീസ് സ്റ്റേഷനിൽ കുടുംബ പ്രശ്നങ്ങൾ സംസാരിക്കാൻ മൊഫിയയെയും ഭർത്താവ് മുഹമ്മദ് സുഹൈലിനെയും വിളിപ്പിച്ചത്.

അവിടെ സംസാരിച്ചുകൊണ്ടിരിക്കെ ദേഷ്യംവന്ന മൊഫിയ, ഭർത്താവ് സുഹൈലിന്റെ കരണത്തടിച്ചു. ഇതുകണ്ട് സി.ഐ. സി.എൽ. സുധീർ കയർത്ത് സംസാരിച്ചു. സി.ഐ.യുടെ പെരുമാറ്റങ്ങളിൽ നിന്ന് തനിക്ക് ഇവിടെ നീതി കിട്ടില്ലെന്ന തോന്നലിൽ മൊഫിയ ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ടിലുള്ളത്.

ആലുവ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് റൂറൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഡിവൈ.എസ്.പി. പി.വി. രാജീവിനാണ് അന്വേഷണ ചുമതല.