കൊച്ചി: നിയമ വിദ്യാര്‍ഥിനി മൊഫിയയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മൊഫിയയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് നടപടി. സിഐക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി മൊഫിയയുടെ പിതാവ് പറഞ്ഞിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഡിജിപിയാണ് സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഉത്തരവിറക്കിയത്. സുധീറിന്റെ നടപടികളില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസി.കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.

ചുമതല ഒഴിഞ്ഞ് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ സി.എല്‍. സുധീറിനോട്  കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിവരുന്ന സമരം മൂന്നാം ദിവസം തുടരുന്നതിനിടെയാണ് നടപടി. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തിലാണ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസിന്റെ ഉപരോധം.  ബെന്നി ബെഹനാന്‍ എംപി അടക്കമുള്ളവരും എറണാകുളത്തെ മറ്റു കോണ്‍ഗ്രസ് എംഎല്‍എമാരും ഇതില്‍ പങ്കാളികളായി.

ഭര്‍തൃപീഡനത്തിന് പരാതി നല്‍കിയ മൊഫിയയെ സിഐ സുധീര്‍ സ്റ്റേഷനില്‍ വെച്ച് അധിക്ഷേപിച്ചുവെന്നാണ് ആരോപണം. സ്റ്റേഷനില്‍ നിന്ന് പോയ മൊഫിയ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍ത്താവ് സുഹൈലിനും മാതാപിതാക്കള്‍ക്കും സിഐക്കും എതിരെ മൊഫിയ ആത്മഹത്യാ കുറിപ്പില്‍ ആരോപണമുയര്‍ത്തിയിരുന്നു.

മൊഫിയയുടെ മരണത്തില്‍ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവും വീട്ടുകാരും റിമാന്‍ഡിലാണ് നിലവില്‍. ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), ഭര്‍തൃമാതാവ് റുഖിയ (55), ഭര്‍തൃപിതാവ് യൂസഫ് (63) എന്നിവരാണ് അറസ്റ്റിലായത്. കേസ് ക്രൈബ്രാഞ്ചാണ് അന്വേഷിക്കുന്നത്.