ആലുവ: ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണിന്റെ സഹപാഠികളായ വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.പിക്ക് പരാതി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. പ്രതിഷേധം കനത്തതിനെ തുടർന്ന് പിന്നീട് വിദ്യാർഥികളെ വിട്ടയച്ചു. 17 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചത്.

മൊഫിയയുടെ ആത്മഹത്യയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലെ വിദ്യാര്‍ഥികള്‍ ഇന്ന് എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഓഫീസിന് ഏതാനും മീറ്റര്‍ അകലെവെച്ച് മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ഥികള്‍ എസ്.പി ഓഫീസില്‍ നേരിട്ടെത്തി മൊഫിയ വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി.

ഇതിന് ശേഷം അവര്‍ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചെന്ന് ആരോപിച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആദ്യം ഇവരെ എ.ആര്‍.ക്യാമ്പിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് എടത്തല സ്റ്റേഷനിലേക്ക് മാറ്റി. ഇത് വാർത്തയായതിനെ തുടർന്ന് പിന്നീട് പോലീസ് വിട്ടയയ്ക്കുകയായിരുന്നു.

യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ കസ്റ്റഡിയില്‍ എടുത്തതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ക്രിമിനലുകളോട് പെരുമാറുന്നതുപോലെയാണ് തങ്ങളോട് പോലീസ് പെരുമാറിയതെന്നും അവര്‍ ആരോപിച്ചു.

Content Highlights: Mofia's classmates detained after coming to file complaint in SP office