തൃശ്ശൂര്‍: കേരളത്തിലെ ഇടത് - വലത് മുന്നണികള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തൃശ്ശൂരിലെ യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിലാണ് മോദി മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ചത്. ശബരിമല വിഷയവും ഐഎസ്ആര്‍ഓ ചാരക്കേസും സോളാര്‍ കുഭകോണവും ഇടതു സര്‍ക്കാരിലെ മന്ത്രിമാരുടെ രാജിയും ഉയര്‍ത്തി ശക്തമായ രാഷ്ട്രീയ വിമര്‍ശമാണ് മോദി ഉന്നയിച്ചത്. 

എല്ലാവരോടും ഒപ്പം എല്ലാവര്‍ക്കും വികസനം എന്ന ആശയവുമായി മുന്നോട്ടുപോകുമ്പോള്‍ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ആക്രമിക്കപ്പെടുന്നു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ശബരിമല വിഷയം ഇന്ത്യമുഴുവന്‍ കാണുന്നുണ്ട്. കമ്യൂണിസ്റ്റുകാര്‍ കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഓരോ ചിഹ്നത്തെയും അപമാനിക്കുകയാണ്. നൂറ്റാണ്ടുകളുടെ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോയ കേരളത്തിന്റെ സംസ്‌കാരത്തെ എന്തിനാണ് കമ്യൂണിസ്റ്റുകാര്‍ ആക്രമിക്കുന്നതെന്ന് മനസിലാകുന്നില്ല. യുഡിഎഫും ഇക്കാര്യത്തില്‍ മോശമല്ലെന്നും മോദി പറഞ്ഞു. 

നാലുവര്‍ഷം മുമ്പ് നിങ്ങളെന്നെ ഈ നാടിന്റെ കാവല്‍ക്കാരനായി അവരോധിച്ചു. അവിടെ ആ സ്ഥാനത്തുള്ളിടത്തോളം ഒരുതരത്തിലുമുള്ള അഴിമതിക്ക് അനുവാദം നല്‍കില്ല എന്ന് ഉറപ്പുനല്‍കുന്നു. രാജ്യത്തെ തകര്‍ക്കാന്‍ ഒരു ശക്തിയേയും ഈ കാവല്‍ക്കാരന്‍ ഉള്ളിടത്തോളം അനുവദിക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായും മോദി പറഞ്ഞു.

മഹാന്മാരായ സാഹിത്യകാരന്‍മാര്‍ക്ക് ജന്മം നല്‍കിയ മണ്ണാണ് തൃശ്ശൂരെന്നും മോദി പ്രസംഗത്തിന്റെ ആമുഖമായി പറഞ്ഞു. ബഹദൂര്‍, കലാഭവന്‍ മണി,ബാലമണിയമ്മ, കമലാ സുരയ്യ, സുകുമാര്‍ അഴിക്കോട്, എം.ലീലാവകതി, വികെഎന്‍ തുടങ്ങിയ തൃശ്ശൂരിലെ കലാ-സാഹിത്യരംഗത്ത് പ്രവര്‍ത്തിച്ചവരെ അനമുസ്മരിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിലുടനീളം വികസന നേട്ടങ്ങള്‍ മോദി എടുത്തുപറഞ്ഞു. 

മോദിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

TSR
ഫോട്ടോ - സിദ്ദിഖുല്‍ അക്ബര്‍
 • ഇടതുപക്ഷത്തിന് സ്ത്രീ ശാക്തീകരണത്തില്‍ വലിയ താത്പര്യമില്ല. അങ്ങനെ താത്പര്യമുണ്ടായിരുന്നെങ്കില്‍ മുത്തലാഖ് ബില്ലിനെ എതിര്‍ക്കുമായിരുന്നില്ല. 
 • രാജ്യത്ത് നിരവധി വനിതാ മുഖ്യമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ നിങ്ങള്‍ക്ക് എടുത്തുകാണിക്കാന്‍ സാധിക്കുമോ. 
 • പ്രതിപക്ഷത്തിന് മോദിയോട് എതിര്‍പ്പ് മാത്രമാണുള്ളത്. രാവിലെ എഴുനേല്‍ക്കുന്നതു മുതല്‍  രാത്രി വരെ മോദിയെ അധിക്ഷേപിക്കലാണ് പ്രതിപക്ഷത്തിന്റെ ജോലി. 
 • നിങ്ങള്‍ക്കെന്നെ ഇഷ്ടം പോലെ ആക്ഷേപിക്കാം, എന്നാല്‍ കര്‍ഷകരെ തെറ്റിധരിപ്പിക്കരുത്, ചെറുപ്പക്കാര്‍ക്ക് തൊഴിലിനുള്ള വസരം ലഭിക്കുന്നത് ഇല്ലാതാക്കരുത്. നിങ്ങള്‍ക്ക് എന്നെ അധിക്ഷേപിക്കാം, എന്നാല്‍ രാജ്യത്തെ പാവപ്പെട്ടവരെ ഉപദ്രവിക്കാനുള്ള മാര്‍ഗമാക്കരുത്. രാജ്യത്തിന്റെ വികസനത്തിന് തുരങ്കം വെക്കാന്‍ ഈ മാര്‍ഗം ഉപയോഗിക്കരുത്. 
 • കോണ്‍ഗ്രസിനും കമ്യൂണിസ്റ്റുകാര്‍ക്കും ഭരണഘടനാ സ്ഥാപനങ്ങളോടോ സൈന്യത്തോടോ, പോലീസ് സംവിധാനത്തോടോ വിശ്വാസമില്ല. അവര്‍ മാത്രമാണ് ശരിയെന്ന് പ്രതിപക്ഷം പറയുന്നത്. 
 • തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും ചോദ്യം ചെയ്യുന്നു. വിദേശമണ്ണില്‍ പോയി ഈ നാട്ടിലെ ജനങ്ങളുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന അവസ്ഥയാണുള്ളത്. 
 • ആശയവുമായി യോജിക്കുന്നില്ലെന്ന കാരണത്തിന്റെ പേരില്‍ എതിരാളികളെ കൊന്നൊടുക്കുന്നവരാണ് ഇന്ന് ജനാധിപകത്യത്തെ കുറിച്ച് സംസാരിക്കുന്നത്. 
 • ഇന്ന് ഈ സംസ്‌കാരം മധ്യപ്രദേശില്‍ വരെ എത്തി. അവിടെ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് ജിവന്‍ നഷ്ടപ്പെട്ടു. 
 • ഭാരതത്തിന്റെ സംസ്‌കാരം നശിപ്പിക്കാനും അഴിമതിയിലൂടെ കീശവീര്‍പ്പിക്കാനുമാണ് പ്രതിപക്ഷം ഒന്നിക്കുന്നത്. 
 • കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എത്ര ഇടതുപക്ഷ മന്ത്രിമാര്‍ക്ക് രാജിവെക്കേണ്ടിവന്നു. സോളാര്‍ കുംഭകോണത്തിന്റെ ആളുകള്‍ യുഡിഎഫുകാരാണ്. 
 • കോണ്‍ഗ്രസ് എങ്ങനെയാണ് രാജ്യത്തിന്റെ സംവിധാനങ്ങളെ തന്ത്രപരമായി ദുരുപയോഗം ചെയ്യുന്നത് എന്നതിന്റെ ഉദാഹരമാണ് നമ്പിനാരായണനെ എതിരായ ചാരക്കേസ്. 
 • പദ്മ അവാര്‍ഡ് കൊടുത്ത് അദ്ദേഹത്തിനെ ആദരിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചുവെന്നത് വലിയ ബഹുമതിയായി കണക്കാക്കുന്നു. 
 • ഇന്ത്യയെ ശാസ്ത്രത്തെ അഭിമാനമാക്കി മാറ്റാന്‍ ആഗ്രഹിക്കുമ്പോള്‍ അവര്‍ക്കത് ചാരക്കേസിനുള്ള മാര്‍ഗമാണ്. 
 • സൗരോര്‍ജമെന്നത് വികസനത്തിന്റെ മാര്‍ഗമാണെങ്കില്‍ അവര്‍ക്കത് കുംഭകോണത്തിനുള്ള മാര്‍ഗമാണ്. 
 • 2014 ന് മുമ്പ് 55 ശതമാനം വീടുകളില്‍ മാത്രമെ നേരത്തെ പാചകവാതക കണക്ഷന്‍ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്നത് 90 ശതമാനമായി വര്‍ധിച്ചിരിക്കുന്നു. 
 • എല്ലാ വീടുകള്‍ക്കും പാചക വാതക കണക്ഷന്‍ എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് നമ്മള്‍ അടുത്തുകൊണ്ടിരിക്കുകയാണ്.    
 • ആറുകോടിയോളം വരുന്ന സാധാരണക്കാര്‍ക്ക് സൗജന്യമായി പാചക വാതക കണക്ഷന്‍ ലഭ്യമായിരിക്കുകയാണ്.
 • ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ റിഫൈനറി ഇന്ത്യയിലാണ്. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയാണ് ഇന്ന് കൊച്ചിയിലേത്. 
 • കൊച്ചി- കുട്ടനാട്- മാംഗ്ലൂര്‍- ബാംഗ്ലൂര്‍ പൈപ്പ് ലൈന്‍ 5000 കോടി രൂപ ചിലവിട്ട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.  പെട്രോളിയം ഇറക്കുമതിയുടെ ഭാരം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജൈവ ഇന്ധനം വികസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 
 • 2021 ല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ 10 ശതമാനം കുറവ് വരുത്താനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതിലൂടെ വിദേശ നാണ്യത്തില്‍ ലാഭമുണ്ടാക്കാന്‍ സാധിക്കും. കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ്. 
 • കഴിഞ്ഞ നാലര വര്‍ഷത്തിനിടെ എന്‍ഡിഎ സര്‍ക്കാര്‍ ഭരണനിര്‍വഹണ സംസ്‌കാരത്തില്‍ വലിയ മാറ്റം വരുത്തി. ഇന്ന് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യയുടേത്. 
 • അഞ്ചുവര്‍ഷം മുമ്പ് ലോകം ഇന്ത്യയെ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ന് ലോകം ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടു വരുന്നു.
 • പുതുസംരംഭങ്ങള്‍ തുടങ്ങുന്ന കാര്യത്തില്‍ ഇന്ത്യയാണ് ഇന്ന് മുന്നില്‍ നില്‍ക്കുന്നത്. ലോകത്തിലേറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി ആയുഷ്മാന്‍ ഭാരത് എന്നപേരില്‍ നടപ്പിലാക്കി. 
 • ശുചിത്വമെന്നത് ഒരു സര്‍ക്കാരിന്റെയും മുന്‍ഗണനാ പട്ടികയില്‍ ഉണ്ടായിരുന്നതല്ല. തന്റെ സര്‍ക്കാര്‍ അതിന് ഊന്നല്‍ നല്‍കി. 
 • 2014ല്‍ 38 ശതമാനം സ്ഥലങ്ങളില്‍ മാത്രമെ ശൗചാലയങ്ങള്‍ ഉണ്ടായിരുന്നുള്ളു. ഇന്ന് 98 ശതമാനം സ്ഥലങ്ങളിലും ശൗചാലയ സൗകര്യങ്ങള്‍ ലഭ്യമായി. 
 • ഈ സര്‍ക്കാര്‍ ഭരണത്തിലേറിയപ്പോള്‍ 18000 ഗ്രാമങ്ങളില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. ഇന്ന് ആ ഗ്രാമങ്ങള്‍ വൈദ്യുതിവത്കരിക്കപ്പെട്ടു. മുഴുവന്‍ വീടുകളും വൈദ്യുതവത്കരിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം.

Content Highlights: Modi Rais Sabarimala Issue and Critic CPM and Congress in Thrissur