മനീഷ് സിസോദിയ| Photo: PTI
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വളര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അസ്വസ്ഥനാണെന്നും ഡല്‍ഹി ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്‍ അദ്ദേഹത്തിന്റെ ജനപ്രീതി ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ രാജ്യസഭയില്‍ പാസായതിനെ തുടര്‍ന്നാണ് സിസോദിയയുടെ വിമര്‍ശനം.
"ബി.ജെ.പി വെറുപ്പിന്റെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത്. കൊള്ളയും വഞ്ചനയുമാണ് അവരുയര്‍ത്തുന്ന മാതൃക. കെജ്‌രിവാള്‍ മോഡല്‍ ഭരണത്തിനായുള്ള മുറവിളി രാജ്യത്തുടനീളം ഉയരുകയാണ്. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലെയും പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ഇതാണ് സൂചിപ്പിക്കുന്നത്. ഇത് ബി.ജെ.പിയ്ക്ക് വെല്ലുവിളിയാണ്. കെജ്‌രിവാള്‍ ഒരു പോരാളിയാണ്. അദ്ദേഹം ഇനിയും പോരാട്ടം തുടരും"- സിസോദിയ പറഞ്ഞു.
ബില്ലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമജ്ഞരില്‍ നിന്ന് ഉപദേശങ്ങള്‍ തേടിയിട്ടുണ്ട്. അത് ലഭിക്കുന്നത് വരെ ബി.ജെ.പിയ്‌ക്കെതിരായ രാഷ്ട്രീയ സമരങ്ങള്‍ എ.എ.പി തുടരും. മോദിക്കുള്ള ബദലായാണ് ജനങ്ങള്‍ കെജ്‌രിവാളിനെ കാണുന്നത്. ഈ രീതിയില്‍ തുടര്‍ന്നാല്‍ ഒരു ദിവസം അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്ന് അവര്‍ വിശ്വസിക്കുന്നു. ക്ഷേമപ്രവര്‍ത്തനത്തിലൂടെ എന്താണ് കെജ്‌രിവാള്‍ മോഡല്‍ എന്ന് അദ്ദേഹം ജനങ്ങള്‍ക്ക് കാണിച്ച് കൊടുത്തു. കെജ്‌രിവാളിന്റെ ജനപ്രീതി തടയാന്‍ നിയമങ്ങളുണ്ടാക്കുകയാണ് ബി.ജെ.പി. ഇതിലൂടെ ഡല്‍ഹിയുടെയും രാജ്യത്തിന്റെയും വികസനത്തെയാണ് അവര്‍ അട്ടിമറിക്കുന്നതെന്നും സിസോദിയ ആരോപിച്ചു.
ലഫ്റ്റണന്റ് ഗവര്‍ണര്‍ക്ക് ഭരണത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് ഡല്‍ഹി ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്‍. ഇത് സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അധികാരങ്ങളെ പരിമിതപ്പെടുത്തും. ബില്‍ രാജ്യസഭയില്‍ പാസായ ദിവസം ഇത് ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു.
Contemt Highlights: Modi insecure about Kejriwal, BJP wants NCT Bill to stem his popularity: Sisodia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..