മോക്ഡ്രില്‍ അപകടം: വിവിധ വകുപ്പുകള്‍ സൃഷ്ടിച്ച ദുരന്തമെന്ന് പരാതി; ചോദ്യങ്ങളുമായി നാട്


മന്ത്രി വീണാ ജോർജ് ബിനു സോമന്റെ വീട്ടിൽ അനുശോചനമറിയിക്കാൻ എത്തിയപ്പോൾ

മല്ലപ്പള്ളി: പ്രളയകാലത്തെ അതിജീവിക്കുന്നവിധം നാടിനെ അറിയിക്കാനെത്തി സ്വയം ദുരന്തം സൃഷ്ടിച്ച സർക്കാർ വകുപ്പുകൾ നഷ്ടമാക്കിയത് കല്ലൂപ്പാറ ഏറെ ഇഷ്ടപ്പെടുന്ന ഒരു സന്നദ്ധപ്രവർത്തകനെയാണ്. കാലഹരണപ്പെട്ട ഉപകരണങ്ങളും അടിസ്ഥാന അറിവുപോലുമില്ലാത്ത രക്ഷാപ്രവർത്തകരും ചേർന്നപ്പോൾ ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ച പാവം മനുഷ്യൻ ഒടുവിൽ രക്തസാക്ഷിയായി.

പ്രകടനത്തിന് നേതൃത്വം നൽകിയ ദേശീയ ദുരന്തനിവാരണ സേനയുടെ മുപ്പതോളം ഉദ്യോഗസ്ഥർ നാല് ദിവസത്തെ താമസത്തിനുശേഷം ആർക്കോണത്തെ ആസ്ഥാനത്തേക്ക് മടങ്ങിക്കഴിഞ്ഞു. ചുക്കാൻപിടിച്ച റവന്യൂ വകുപ്പ്, സംസ്കാര ചടങ്ങുകൾവരെ മുന്നിൽനിന്ന് നടത്തി പതിവ് കാര്യങ്ങളിലേക്ക് പ്രവേശിച്ചു. അഗ്നിരക്ഷാസേന, പോലീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത് തുടങ്ങിയവയും സ്ഥിരം ജോലികളിൽ വ്യാപൃതരായി. വിവിധ വകുപ്പുകൾ തമ്മിൽ ദുരന്തമുഖത്ത് ഒന്നിച്ചുചേർന്ന് പ്രവർത്തിക്കുന്നതിന്റെ പരിശീലനമാണ് മോക്ഡ്രിൽ ലക്ഷ്യമിട്ടതെന്ന് ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ പ്രളയത്തിൽ പെട്ടവരായി ഒന്നുമറിയാത്ത സാധാരണക്കാരായ നാട്ടുകാരെ അഭിനയിക്കാൻ ഇറക്കിയത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരമില്ല. അതിലൊരാൾ മുങ്ങിത്താഴുമ്പോൾ ബോട്ടിൽനിന്ന് ലൈഫ് ബോയ് എന്ന കാറ്റ് നിറച്ച വളയം എറിഞ്ഞുകൊടുക്കുന്ന ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിൽ കാണാം. അതിൽ പിടിക്കാനാവാതെ ബിനു സോമൻ മുങ്ങിത്താഴുമ്പോൾ വളയം വലിച്ചെടുത്ത് അല്പം കഴിഞ്ഞ് വീണ്ടും ഇട്ടു കൊടുക്കുന്നു.

ബാക്കി മൂന്ന് പേരും സുരക്ഷിതരായി ബോട്ടിനരികെ എത്തിയ ശേഷവും പൊങ്ങിവരാത്ത ബിനുവിനെ തിരയാൻ ആദ്യം ആരും സന്നദ്ധരാകുന്നില്ല. ബോട്ടിലെ സുരക്ഷാ പ്രവർത്തകരിൽ പലർക്കും നീന്തൽ വശമില്ലെന്നും പറയുന്നു. അരമണിക്കൂറോളം കഴിഞ്ഞ് മറ്റ് രണ്ട് ബോട്ടുകളിലെ ആളുകളുടെ സഹായത്തോടെ വെള്ളത്തിൽനിന്ന് ബിനുവിനെ കണ്ടെത്തിയെങ്കിലും ബോട്ടിന്റെ മോട്ടോറുകൾ പ്രവർത്തിക്കുന്നില്ല.

കെട്ടിവലിച്ച് കരയിലെത്തിച്ച് ആംബുലൻസിൽ കയറ്റിയപ്പോൾ ഓക്സിജനും കമ്മി. ഇത്രയുമൊക്കെ നേരിട്ടുകണ്ട നാട്ടുകാർ ചോദിക്കുന്ന കുറെ ചോദ്യങ്ങളുണ്ട്. മരണവെപ്രാളത്തിൽ ഒരാൾ മുങ്ങിത്താഴ്‌ന്നിട്ടും ഉടനെ ഒപ്പം ചാടാതിരുന്ന രക്ഷാപ്രവർത്തകർക്ക് എന്ത് പരിശീലനമാണ് ഇതുവരെ നൽകിയിട്ടുള്ളത് ?. മരിക്കാൻ തുടങ്ങുന്ന ആളെ കണ്ടിട്ടും മനസ്സിലാകാതെനിന്നത് എന്തുകൊണ്ടാണ്?. പ്രകടനത്തിന് വരുമ്പോൾ പോലും പ്രവർത്തിക്കുന്ന മോട്ടോറും നിറഞ്ഞ ഓക്സിജനും ഇല്ലെങ്കിൽ യഥാർഥ ദുരന്തമുഖത്ത് എന്താവും സ്ഥിതി ?. അമ്പാട്ട് ഭാഗത്തുനിന്ന് പടുതോടേക്ക് പ്രകടന സ്ഥലം മാറ്റിയതാണ് എല്ലാ കുഴപ്പത്തിനും കാരണമെന്ന് ഇപ്പോൾ അധികൃതർ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും ഉള്ള സ്ഥലത്ത് അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാനാണോ ഈ സംവിധാനങ്ങൾ എന്ന മറു ചോദ്യമാണ് ജനങ്ങൾക്കുള്ളത്. സർക്കാർ പ്രഖ്യാപിക്കുന്ന അന്വേഷണം നാട്ടുകാരെ അറിയിച്ച് നടത്തിയാൽ അവിടെ വ്യക്തമായ വിവരങ്ങൾ നൽകാനും ഈ ചോദ്യങ്ങൾ ഉന്നയിക്കാനുമാണ് നാട് കാത്തിരിക്കുന്നത്.

മോക്ഡ്രിൽ ദുരന്തം: നിശ്ചയിച്ച സ്ഥലം മാറ്റിയത് അറിയിച്ചില്ല-ജില്ലാ കളക്ടർ

മല്ലപ്പള്ളി: റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഇതര വകുപ്പുകളുടെ സഹകരണത്തോടെ മണിമലയാറ്റിൽ നടത്തിയ രക്ഷാപ്രവർത്തന നാടകം നേരത്തേ നിശ്ചയിച്ച സ്ഥലത്തുനിന്ന് മാറ്റിയ വിവരം അന്നേ ദിവസം അറിയിച്ചിരുന്നില്ലെന്ന് ജില്ലാ കളക്ടർ ദിവ്യാ എസ്.അയ്യർ പറഞ്ഞു. പടുതോട് കടവിൽ മോക്ക് ഡ്രില്ലിനിടെ മുങ്ങിമരിച്ച ബിനു സോമന് ആദരാഞ്ജലിയർപ്പിക്കാൻ കല്ലൂപ്പാറ പാലത്തിങ്കലെ വീട്ടിലിലെത്തിയതായിരുന്നു അവർ.

ഉത്തരവിൽ പറഞ്ഞിരുന്ന സ്ഥലത്തുനിന്ന് മാറ്റി മറ്റൊരിടത്ത് ചെയ്യാനിടയായ സാഹചര്യം വ്യക്തമല്ല. അവിടെ ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിച്ചിരുന്നോയെന്നും അറിയില്ല. വിശദമായ അന്വേഷണം നടത്താൻ സർക്കാർ ഉടൻ നിർദേശിക്കുമെന്ന് കരുതുന്നു. ആരാണ് അന്വേഷിക്കുകയെന്ന് അറിയില്ല. ഈ അന്വേഷണം പൂർത്തിയായശേഷം മാത്രമേ കാര്യകാരണങ്ങൾ കൂടുതൽ വ്യക്തമാവുകയുള്ളൂ.

വെള്ളത്തിൽനിന്ന് പുറത്തെടുത്തപ്പോൾ ബിനുവിന്റെ നാഡിമിടിപ്പ് പരിശോധിച്ച ഡോക്ടർ ആശുപത്രിൽ എത്തുംവരെ കൂടെയുണ്ടായിരുന്നു. ആ മെഡിക്കൽ സംഘത്തോട് സംസാരിച്ചിരുന്നു. സ്പന്ദനത്തിന്റെ നിരക്ക് അവർ അറിയിച്ചു. ആഘാതമേറ്റനിലയിലാണ് ശരീരം എന്നാണ് കരുതുന്നത്. സ്ഥലത്തുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരിൽനിന്നും വിശദമായ വിവരങ്ങൾ ശേഖരിച്ചാണ് പ്രാഥമിക റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ജനങ്ങളും മാധ്യമങ്ങളും മുന്നോട്ടുവെച്ച ആശങ്കകളും ഗൗരവമായി അതിൽ പരിഗണിച്ചിട്ടുണ്ട്.

ജില്ലാ കളക്ടർ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു

Content Highlights: Mockdrill accident people questions government institutions


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented