ചന്ദ്രനെ കെട്ടിയിട്ട നിലയിൽ | screengrab 2. ചന്ദ്രൻ താമസിച്ചിരുന്ന വീട് | Photo - Mathrubhumi
തിരുവനന്തപുരം: ആള്‍കൂട്ടക്കൊലയുടെ കാര്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പോലെയാകുകയാണോ കേരളവും. വിശന്നതിന് ഭക്ഷണം മോഷ്ടിച്ച കുറ്റത്തിന് ആദിവാസിയായ മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നത് ഇതേ കേരളത്തിലാണ്. അന്ന് നടന്നത് പാലക്കാടായിരുന്നുവെങ്കില് ഇപ്പോഴിതാ തിരുവനന്തപുരം ചിറയിന്‍കീഴിലാണ് ആള്‍കൂട്ടക്കൊല നടന്നിരിക്കുന്നത്. ആള്‍കൂട്ടം വിചാരണ നടത്തി ശിക്ഷ നടപ്പിലാക്കി.
ചന്ദ്രന് എന്നയാളെ സമീപത്തെ ഒരു വീട്ടില്‍ നിന്ന് പാത്രങ്ങള്‍ മോഷ്ടിച്ചു എന്ന് ആരോപിച്ചു ചിലര്‍ തടഞ്ഞുവെക്കുകയും കെട്ടിയിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു. ആന്തരിക അവയവങ്ങള്‍ക്കുണ്ടായ ക്ഷതത്തെ തുടര്‍ന്നാണ് ചന്ദ്രന് മരണത്തിന് കീഴടങ്ങിയത്.

മധുവിനും ചന്ദ്രനും സാമ്യതകള്‍ ഏറെയുണ്ട്. തീര്‍ത്തും സാമ്പത്തികമായി മോശം അവസ്ഥയിലുള്ള കുടുംബമാണ് ചന്ദ്രന്റേതും. അതുകൊണ്ട് തന്നെ മര്‍ദ്ദനമേറ്റിട്ടും മികച്ച ചികിത്സ ലഭ്യമാക്കാന്‍ ചന്ദ്രന്റെ കുടുംബത്തിന് സാധിച്ചില്ല. ചിറയിന്‍കീഴ് പോലീസെത്തി ചന്ദ്രനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ അവശനിലയിലായിരുന്നു. ഇതിനുശേഷം പോലീസ് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി വിവരം ആരോടും പറയരുതെന്ന് പറഞ്ഞാണ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. ചന്ദ്രനെ കെട്ടിയിട്ട് മര്‍ദ്ദിക്കാന്‍ കാരണമായ സംഭവത്തിലെ മോഷണക്കുറ്റമാരോപിച്ച പരാതിക്കാര്‍ പരാതിയില്ലെന്ന് പോലീസിനോട് അറിയിച്ചതിനെ തുടര്‍ന്നാണ് വിട്ടയക്കുന്നത്.
പോലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി ചന്ദ്രനെ ഒപ്പം പറഞ്ഞയയ്ക്കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ ചന്ദ്രന് അവശനിലയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അന്ന് തന്നെ വയറിന് വേദനയുണ്ടെന്ന് ചന്ദ്രന് പറഞ്ഞപ്പോള്‍ കള്ളവേദന അഭിനയിക്കുന്നതാണെന്നാണ് പോലീസ് ആരോപിച്ചത്. ഞങ്ങളാരും ഒന്നും ചെയ്തിട്ടില്ലെന്നും പോലീസുദ്യോഗസ്ഥര്‍ ബന്ധുക്കളോട് പറഞ്ഞു. പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി വന്നത് തന്നെ വളരെ പ്രയാസപ്പെട്ടായിരുന്നുവെന്ന് ബന്ധുവായ ശശികല പറയുന്നു. എന്നാല്‍ ആരും ഉപദ്രവിച്ച കാര്യം അന്ന് ചന്ദ്രന് വെളിപ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് ശശികലയുടെ വീട്ടിലേക്ക് ചന്ദ്രനെ കൊണ്ടുപോയി. രണ്ട് ദിസം കഴിഞ്ഞതോടെ വയറ്റിനുള്ളില്‍ വേദന കലശലായതോടെ ആശുപത്രിയിലേക്ക് പോയി. എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനാണ് അവിടെനിന്ന് നിര്‍ദ്ദേശിച്ചത്.
എന്നാല്‍ വേദന സഹിക്കവയ്യാതായതോടെയാണ് ചന്ദ്രന് ആശുപത്രിയില്‍ പോകാന്‍ തയ്യാറായത്. അണ്ണന് ആരെയോ ഭയക്കുന്നുണ്ടെന്ന് അന്നേ തോന്നിയിരുന്നു. മെഡിക്കല്‍ കോളേജില്‍വെച്ച് സ്കാന്‍ ചെയ്തപ്പോഴാണ് കുടലിന് ക്ഷതമേറ്റതായി മനസിലായത്. അപ്പോഴാണ് അടിവയറ്റില്‍ കാല്മുട്ടുവെച്ച് മര്‍ദ്ദിച്ചുവെന്ന് ചന്ദ്രന് വെളിപ്പെടുത്തുന്നത്. ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഒമ്പതാം ദിവസം രാത്രിയോടെ മരിക്കുകയായിരുന്നു. 'ഇതിന്റെ പിന്നില്‍ ആരാണോ പ്രവര്‍ത്തിച്ചത് അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം, അതിന് ഏതറ്റം വരെയും പോകാന്‍ ഞങ്ങള്‍ തയ്യാറാണ്'- ശശികല പറഞ്ഞു.

കടുത്ത മര്‍ദ്ദനം ആകാം ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം ഏല്ക്കാന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകും. ചന്ദ്രന് മര്ദ്ദനമേല്ക്കാനുണ്ടായ സാഹചര്യം പോലീസിന്റെ കുറ്റമായി കാണാനാകില്ല. പക്ഷെ മര്‍ദ്ദനമേറ്റ് അവശ നിലയിലായ ആളെ എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ തട്ടിക്കൂട്ടി പൂര്‍ത്തിയാക്കി കൈയൊഴിയാന്‍ പോലീസ് വ്യഗ്രത കാണിച്ചോയെന്നത് അന്വേഷിക്കേണ്ടതാണ്. കടുത്ത മര്‍ദ്ദനമേറ്റത് പോലീസിന്റെ പക്കല്‍ നിന്നാണോയെന്ന സംശയവും ബന്ധുക്കള്‍ക്കുണ്ട്. തുളസിയെന്ന് വിളിക്കപ്പെടുന്ന ചന്ദ്രന് മര്‍ദ്ദനമേറ്റ് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റ കാര്യം പോലീസ് മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാക്കിയപ്പോള്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നത് സംശയാസ്പദമാണ്.

മാത്രമല്ല വിട്ടയയ്ക്കുന്ന സമയത്ത് വിവരങ്ങള്‍ മാധ്യമങ്ങളെയോ രാഷ്ട്രീയ പാര്‍ട്ടികളേയോ അറിയിക്കരുത് എന്ന് പോലീസുകാര്‍ ആവശ്യപ്പെട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. അങ്ങനെയെങ്കില്‍ ചന്ദ്രന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. അത് കണ്ടെത്തുക തന്നെവേണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..