കപ്പലണ്ടി കലാപം, ലേയ്സ് ലഹള, പപ്പടയുദ്ധം; കാര്യം നിസ്സാരം, പക്ഷേ തല്ലോടുതല്ല്


നിലമ്പൂരിൽ പ്ലസ്ടു വിദ്യാർഥികൾ തമ്മിലുണ്ടായ തല്ല്, പട്ടാമ്പിയിൽ സ്‌കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ അടി, ആലപ്പുഴയിൽ പപ്പടത്തെച്ചൊല്ലിയുണ്ടായ തല്ല്‌

കൂട്ടത്തല്ലുകള്‍കൊണ്ടൊരു 'തല്ലുമാല' കോര്‍ക്കുകയാണ് കേരളം. അതും കാര്യമില്ലാത്ത കാര്യങ്ങളുടെ പേരില്‍. ആറുമാസത്തിനിടെയുണ്ടായത് ഒരുഡസനിലേറെ കൂട്ടത്തല്ലുകള്‍. പണ്ടൊക്കെ ഉത്സവത്തിനും പെരുന്നാളിനും മാത്രം കണ്ടിരുന്ന 'കലാപരിപാടി'യാണ് നാലാള്‍കാണ്‍കെ നടുറോഡില്‍ നിത്യവും അരങ്ങേറുന്നത്. വഴിയേപോയവനും വെറുതേനിന്നവനുമൊക്കെ കണക്കിനുകിട്ടും. ചിപ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിന്, കപ്പലണ്ടിക്ക് എരിവുകുറഞ്ഞതിന്... തല്ലിനുള്ള കാരണങ്ങള്‍കേട്ടാല്‍ ആരും മൂക്കത്തുവിരല്‍വെച്ച് ഇങ്ങനെ പറഞ്ഞുപോകും: 'നല്ല തല്ലുകിട്ടാത്തതിന്റെ കുറവ്'.

പപ്പടത്തല്ലില്‍ പൊടിഞ്ഞ കണ്ണീര്‍

ആലപ്പുഴ ഹരിപ്പാട് മുട്ടത്ത് കല്യാണപ്പന്തിയില്‍ പപ്പടത്തിന്റെ പേരിലുണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ പ്രചരിക്കുമ്പോള്‍ വെന്തുരുകുന്ന ചിലരുണ്ട്. കോലാഹലങ്ങളില്‍നിന്നെല്ലാം അകന്ന് ഭയപ്പാടോടെ കഴിയുകയാണ് വധൂവരന്മാരും കുടുംബാംഗങ്ങളും. വിവാഹത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ അവരെ അത്രമേല്‍ ഉലച്ചിട്ടുണ്ട്.

'ചരിത്രത്തിലെ ഒന്നാം പപ്പടയുദ്ധ'മെന്നുവരെയുള്ള പരിഹാസം കേള്‍പ്പിച്ച സംഭവം ഓഗസ്റ്റ് 28-നായിരുന്നു. സാധാരണകുടുംബത്തിലെ അംഗമായിരുന്നു വധു. വീട്ടുകാര്‍ ഏറെ കഷ്ടപ്പെട്ടാണ് കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. കല്യാണം കഴിഞ്ഞ് ഉച്ചയോടെ ഭക്ഷണം വിളമ്പിത്തുടങ്ങി. ബീഫ് ബിരിയാണിയായിരുന്നു വിഭവം. കല്യാണത്തിനെത്തിയവരില്‍ ഭൂരിപക്ഷവും ഭക്ഷണം കഴിച്ചിറങ്ങി. അവസാനപന്തിയില്‍ ചിലര്‍ രണ്ടാമതും പപ്പടം ചോദിച്ചു. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കം വന്‍സംഘര്‍ഷമായി.

ഓഡിറ്റോറിയത്തിലെ ഗ്രാനൈറ്റിന്റെ പാളികളടക്കമെടുത്ത് ഏറുതുടങ്ങി. ഉടമ മുരളീധരന്റെ (65) തലയ്ക്ക് ഏറുകൊണ്ടു. 13 തുന്നലിടേണ്ടിവന്നു. മുരളീധരനടക്കം മൂന്നുപേര്‍ക്കാണ് കാര്യമായ പരിക്കേറ്റത്. ഓഡിറ്റോറിയത്തിനുണ്ടായ കേടുപാട് 1.5 ലക്ഷം രൂപയോളം. വധുവിന്റെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ചെറിയ നഷ്ടപരിഹാരംമാത്രമേ മുരളീധരന്‍ വാങ്ങിയുള്ളൂ. പരിക്കുപോലെ നഷ്ടവും സ്വയംസഹിച്ചു.

ക്രീംബണ്ണില്‍ 'വീണ' വയോധികന്‍

ക്രീംബണ്ണിലെ ക്രീമിന് ഇത്ര മൂല്യമുണ്ടെന്ന് നാടറിഞ്ഞത് ഇക്കഴിഞ്ഞ മേയ് 25-നാണ്. വൈക്കം താലൂക്കാശുപത്രിക്ക് സമീപമുള്ള ബേക്കറിയിലാണ് സംഭവം. ക്രീംബണ്ണില്‍ ക്രീം ഇല്ലെന്നുപറഞ്ഞ് ഒരുസംഘം യുവാക്കളും ബേക്കറിയുടമ മുട്ടത്തേഴത്ത് ശിവകുമാറും തമ്മിലുണ്ടായ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. യുവാക്കള്‍ ബേക്കറി അടിച്ചുതകര്‍ത്തു. ഇതോടെ പരസ്പരം തല്ലായി. 95 വയസ്സുള്ള വൈക്കം ആലുങ്കല്‍ വേലായുധന്‍ എന്നയാള്‍ അവിടെ ചായ കുടിക്കുന്നുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ ഒരാള്‍ വേലായുധന്റെ ദേഹത്തേക്കുവീണു. കൈയൊടിഞ്ഞ വേലായുധന്‍ കിടപ്പിലായി. രണ്ടാഴ്ചകഴിഞ്ഞപ്പോള്‍ മരിച്ചു.

ചില തല്ലുകഥകള്‍

കാരണമില്ലാത്ത തല്ലുകള്‍ക്ക് ദേശഭേദമില്ല. എങ്കിലും ഇക്കാര്യത്തില്‍ കൊല്ലമാണ് അല്പംമുന്നില്‍. നിസ്സാരകാരണങ്ങള്‍ എന്തെങ്കിലുംമതി, കൊല്ലംകണ്ടവര്‍ ചിലപ്പോള്‍ ഇല്ലംകണ്ടെന്നിരിക്കില്ല. 'കപ്പലണ്ടി കലാപ'മെന്നും 'ലേയ്സ് ലഹള'യെന്നുമൊക്കെ വിളിപ്പേരും കിട്ടിയിട്ടുണ്ട് ഇത്തരംചില തല്ലുകള്‍ക്ക്.

കപ്പലണ്ടി കലാപം (കൊല്ലം ബീച്ച്, 2021 ഒക്ടോബര്‍ 28 ): വഴിയോരക്കച്ചവടക്കാരനില്‍നിന്ന് വാങ്ങിയ കപ്പലണ്ടിക്ക് എരിവുപോരെന്നുപറഞ്ഞ് തുടങ്ങിയ തര്‍ക്കത്തിനൊടുവില്‍ ബീച്ചില്‍ കൂട്ടത്തല്ല്. പരിക്കേറ്റ ഏഴുപേരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലേയ്സ് ലഹള ( കൊല്ലം ഇരവിപുരം, ജൂലായ് 27) : 'ലേയ്സ്' നല്‍കിയില്ലെന്നുപറഞ്ഞ് മര്‍ദിച്ചതായി ഇരവിപുരം വാളത്തുങ്കല്‍ സ്വദേശി നീലകണ്ഠനാണ് പോലീസില്‍ പരാതിനല്‍കിയത്. ഇയാളെ സംഘംചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

പട്ടാമ്പിയിലെ കുട്ടിത്തല്ല് (ഓഗസ്റ്റ് 29): സ്‌കൂള്‍വിദ്യാര്‍ഥികള്‍തമ്മില്‍ ഏറ്റുമുട്ടിയത് പോലീസ് സ്റ്റേഷനുമുമ്പിലെ ബസ് സ്റ്റോപ്പില്‍വെച്ച്. കഴിഞ്ഞവര്‍ഷമുണ്ടായ പ്രശ്‌നത്തിന്റെപേരിലാണ് നിലവിലെ വിദ്യാര്‍ഥികളും പഠിച്ചിറങ്ങിയവരും തമ്മിലുണ്ടായ അടിപിടി.

ആറ്റിങ്ങലില്‍ ഓണത്തല്ല് ( സെപ്റ്റംബര്‍ 03) ശനിയാഴ്ച ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിലും വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഓണാഘോഷം കഴിഞ്ഞ് പലസ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

മുണ്ടുടുത്തതിന് അടി നിലമ്പൂര്‍ (സെപ്റ്റംബര്‍ 03): നിലമ്പൂര്‍ മാനവദേവന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലായിരുന്നു കൂട്ടത്തല്ല്. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഓണാഘോഷത്തിന് മുണ്ടുടുത്താണ് സംഘര്‍ഷത്തിന് കാരണം. ഇത് പ്ലസ് ടു വിദ്യാര്‍ഥികള്‍ ചോദ്യംചെയ്തതോടെ നടുറോഡില്‍വെച്ച് അടിയായി. പോലീസ് ലാത്തിവീശി.

തടഞ്ഞതിന് തല്ല് (ഓഗസ്റ്റ് 31, കോഴിക്കോട്) : മെഡിക്കല്‍ കോളേജില്‍ രോഗിയെ കാണാനെത്തിയയാളെ തടഞ്ഞെന്നാരോപിച്ച് സുരക്ഷാജീവനക്കാരനെ 15 അംഗസംഘം വളഞ്ഞിട്ടുതല്ലി.

എന്തുകൊണ്ട് നമ്മളിങ്ങനെ ?

കൂട്ടത്തല്ലില്‍ പലപ്പോഴും കനത്തശിക്ഷാനപടിയൊന്നുമുണ്ടാകില്ല. പലപ്പോഴും ആരാണ് പ്രതിയെന്നുതന്നെ വ്യക്തമാകില്ല. പരാതിക്കാരുമുണ്ടാകില്ല. കണ്ടാലറിയുന്ന കുറേയാളുടെ പേരില്‍ കേസെടുക്കും. അതിനപ്പുറം നിയമനടപടിയുണ്ടാകില്ലെന്ന ഉറപ്പാണ് കൂട്ടത്തല്ലിനുപിന്നിലെ പ്രധാനഘടകം.

സഹനശക്തിയും ക്ഷമയും കുറഞ്ഞു

ഡിജിറ്റല്‍ കാലഘട്ടത്തില്‍ സഹനശക്തിയും ക്ഷമയും കുറഞ്ഞു. മുമ്പ് ആഗ്രഹങ്ങള്‍ സഫലമാകണമെങ്കില്‍ കാത്തിരിപ്പ് വേണമായിരുന്നു, സിനിമ കാണണമെങ്കില്‍ തിയേറ്ററില്‍ വരിനിന്ന് ടിക്കറ്റെടുക്കണം. ഭക്ഷണംകഴിക്കണമെങ്കില്‍ ഹോട്ടലില്‍പോകണം. കാത്തിരിപ്പിന്റെ ഈ സമയത്തിനുള്ളില്‍ നമ്മുടെ ആഗ്രഹങ്ങള്‍ നടക്കാനും നടക്കാതിരിക്കാനുമുള്ള സാധ്യതയെക്കുറിച്ച് ആലോചിച്ച് മനസ്സിനെ പരുവപ്പെടുത്തും. എന്നാല്‍, ഇക്കാലത്ത് ആഗ്രഹങ്ങള്‍ സഫലമാകാന്‍ കാത്തിരിപ്പില്ല. എന്തെങ്കിലുംകാരണവശാല്‍ നടക്കാതെവരുമ്പോള്‍ എടുത്തുചാടി പ്രതികരിക്കും. സാമൂഹികമാധ്യമങ്ങളിലൂടെ വൈറലാകുമെന്നതിനാല്‍ തല്ലും വഴക്കും ആഘോഷിക്കുന്ന മനോഭാവവുമുണ്ട്. എങ്ങനെയും ശ്രദ്ധാകേന്ദ്രമാകുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം - ഡോ. അരുണ്‍ ബി. നായര്‍, മാനസികാരോഗ്യവിദഗ്ധന്‍, തിരുവനന്തപുരം മെഡി. കോളേജ്

സിനിമകള്‍ തല്ലുകള്‍ പ്രോത്സാഹിപ്പിക്കുന്നു

സമീപകാലത്തിറങ്ങിയ പലസിനിമകളും ഇത്തരം തല്ലുകള്‍ പ്രോത്സാഹിപ്പിക്കുന്നവയാണ്. ഇത് പുതുതലമുറയെ തെറ്റായി സ്വാധീനിക്കുന്നുണ്ട്. കോവിഡ് കാലത്ത് കുട്ടികളുടെ മാറിയ മനോഭാവവും മറ്റൊരു ഘടകമാണ് - ജിഷാ ത്യാഗരാജ്, കൗണ്‍സലര്‍

Content Highlights: Mob clash continues in Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


06:03

16-ാം വയസ്സില്‍ പാര്‍ട്ടി അംഗത്വം; എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍... കോടിയേരി ഓർമയാകുമ്പോൾ

Oct 1, 2022

Most Commented